കൊല്‍ക്കത്ത : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വാതന്ത്ര്യ സമര സേനാനി ഖുദീരാം ബോസിന് പുഷ്പാഞ്ജലി അര്‍പ്പിച്ചു. ബോസിന്റെ ജന്മനാടായ പശ്ചിമ മിഡ്നാപൂരിലെ ഗ്രാമത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ യുവനേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 19, 1908-ന് പതിനെട്ട് വയസ്സും, എട്ടുമാസവും, എട്ടു ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഖുദീരാമിനെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയത്.
” മഹാനായ സ്വാതന്ത്ര്യ സമര സേനാനി ഖുദീരാം ബോസിന്റെ മണ്ണില്‍ നെറ്റി തൊടാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി സ്വയം ജീവന് ത്യാഗം ചെയ്യാന്‍ അദ്ദേഹം സന്തോഷത്തോടെയാണ് തൂക്കു മരത്തിലേക്ക് പോയത് ” – അമിത് ഷാ പറഞ്ഞു.
”ഖുദീരാം ബോസിന്റെ ജന്മസ്ഥലത്ത് ഒരു വികസനവും നടന്നിട്ടില്ലെന്ന് ഞാന്‍ അമിത് ഷായോട് പറയും. യുവാക്കളുടെ തൊഴില്‍ മാത്രമാണ് ഞങ്ങളുടെ ആവശ്യം” – ഖുദീരാമിന്റെ കുടുംബാംഗങ്ങളിലൊരാളായ ഗോപാല്‍ ബസു പറഞ്ഞു.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പശ്ചിമ ബംഗാളിലെത്തിയതാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള അമിത് അമിത് ഷായുടെ സന്ദര്‍ശനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് സൂചന. ടാഗോറിന്റെയും ചന്ദ്ര വിദ്യാസാഗറിന്റെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ജന്മനാടിനു മുന്നില്‍ തല കുമ്പിടുന്നു എന്നായിരുന്നു യാത്രയ്ക്ക് മുന്നോടിയായി അമിത് ഷാ ട്വീറ്റ് ചെയ്തത്.
Post Your Comments