KeralaLatest NewsNews

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച; നിർണായകം

തെരഞ്ഞെടുപ്പിന് പിന്നാലെ ആദ്യം പ്രതികരണവുമായി രംഗത്ത് എത്തിയത് ഒ.രാജഗോപാലായിരുന്നു.

കൊച്ചി: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ശനിയാഴ്ച കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കിടെയാണ് യോഗം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍കമ്മിറ്റിയില്‍ ചര്‍ച്ചയാക്കാനും വി.മുരളീധര വിരുദ്ധ ചേരി തീരുമാനിച്ചിട്ടുണ്ട്.

അതേസമയം തെരഞ്ഞെടുപ്പിന് പിന്നാലെ ആദ്യം പ്രതികരണവുമായി രംഗത്ത് എത്തിയത് ഒ.രാജഗോപാലായിരുന്നു. പിന്നാലെ പി.എം.വേലായുധനും എത്തി. ഫലപ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസം വന്ന രണ്ട് പ്രതികരണങ്ങളും പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യുദ്ധത്തിനുള്ള വഴി തുറന്നു കഴിഞ്ഞു. ശോഭാ സുരേന്ദ്രന്‍ വിഷയം, തെരഞ്ഞെടുപ്പിലെ ശോഭ മങ്ങിയ പ്രകടനം, ഗ്രൂപ്പ് തിരിച്ച് പദവികള്‍ നല്‍കല്‍, സംസ്ഥാന അധ്യക്ഷന്റെ ഏകാധിപത്യ പ്രവണത തുടങ്ങിയവ കൃഷ്ണദാസ് വിഭാഗം ശനിയാഴ്ചത്തെ കോര്‍കമ്മിറ്റി യോഗത്തില്‍ ഉന്നയിക്കുമെന്നുറപ്പ്.

എന്നാൽ എസ്.സുരേഷ്, ഗോപാലകൃഷ്ണന്‍ എന്നിവരുടെ സിറ്റിംഗ് സീറ്റിലെ തോല്‍വിക്കും തിരുവനന്തപുരം കോര്‍പറേഷനിലെ തിരിച്ചടിക്കും ഔദ്യോഗിക പക്ഷം ഉത്തരം കണ്ടെത്തണം. ഏറെ അനുകൂലമായ സാഹചര്യമായിട്ടും തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രതികരണം പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഐക്യമില്ലായ്മ വ്യക്തമാക്കുന്നതാണ്.

Read Also: ശൈലി മാറ്റി ബിജെപി; മുന്നാക്ക സമുദായങ്ങളെ കൂടെ നിര്‍ത്തും

അതേസമയം, കഴിഞ്ഞ നാല്‍പത് വര്‍ഷത്തെ പാര്‍ട്ടിയുടെ മികച്ച പ്രകടനമെന്ന നിലയില്‍ ആരോപണങ്ങളെ പ്രതിരോധിക്കാനാകും ഔദ്യോഗിക പക്ഷം ശ്രമിക്കുക. വാര്‍ഡുകളുടെ എണ്ണത്തില്‍ വന്ന വര്‍ധനവ് ഉയര്‍ത്തിക്കാട്ടി എതിര്‍ ചേരിയെ നിശബ്ദരാക്കാനാകും ശ്രമം. തെരഞ്ഞെടുപ്പ് സമയത്തെ പരസ്യ പ്രസ്താവനകളുടെ പേരില്‍ ശോഭാ സുരേന്ദ്രനെയും, പി.എം. വേലായുധനേയും പ്രതിസ്ഥാനത്ത് നിര്‍ത്താനും നീക്കമുണ്ട്. അങ്ങനെയെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകുമെന്നുറപ്പിക്കാം.

shortlink

Post Your Comments


Back to top button