Latest NewsIndiaNews

ഇന്ത്യന്‍ റെയില്‍വേയില്‍ അദാനി ബ്രാന്‍ഡിംഗ് ; പ്രിയങ്ക ഗാന്ധിയുടെ വീഡിയോയ്ക്ക് മറുപടിയുമായി സര്‍ക്കാര്‍

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് വിഭാഗം വിശദീകരണവുമായി രംഗത്ത്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര പങ്കുവെച്ച വീഡിയോയെ കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിവര പ്രചാരണ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പിഐബി) ഫാക്റ്റ് ചെക്ക് വിഭാഗം വിശദീകരണവുമായി രംഗത്ത്. ഇന്ത്യന്‍ റെയില്‍വേയുടെ റോളിംഗ് സ്റ്റോക്കിലെ അദാനി വില്‍മാര്‍ ബ്രാന്‍ഡിംഗിനെ കോണ്‍ഗ്രസ് നേതാവ് ചോദ്യം ചെയ്ത വീഡിയോയ്ക്കാണ് പിഐബി വിശദീകരണം നല്‍കിയിരിക്കുന്നത്.

” രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ അവരുടെ കഠിനാധ്വാനത്തിലൂടെ നിര്‍മ്മിച്ചതാണ് ഇന്ത്യന്‍ റെയില്‍വേ. എന്നാല്‍, ബിജെപി സര്‍ക്കാര്‍ തങ്ങളുടെ കോടീശ്വരനായ സുഹൃത്ത് അദാനിയുടെ സ്റ്റാമ്പ് ഇതില്‍ പതിപ്പിച്ചിരിക്കുന്നു. നാളെ റെയില്‍വേയുടെ വലിയൊരു ഭാഗം മോദിജിയുടെ ശതകോടീശ്വരന്‍ സുഹൃത്തുക്കളിലേക്ക് പോകും. മോദിജിയുടെ ശതകോടീശ്വരന്മാരായ സുഹൃത്തുക്കളുടെ കൈകളിലേക്ക് കൃഷിയും കര്‍ഷകരും പോകുന്നത് തടയാന്‍ രാജ്യത്തെ കര്‍ഷകര്‍ പോരാടുകയാണ് ” – 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കൊപ്പം പ്രിയങ്ക എഴുതി.

പ്രിയങ്ക ഗാന്ധി ഡിസംബര്‍ 14-ന് തന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോക്ക് 10,000ലധികം ലൈക്കുകളും 6,500 ഷെയറുകളും ലഭിച്ചു. എന്നാല്‍, വീഡിയോ ”തെറ്റിദ്ധരിപ്പിക്കുന്നതാണ്” എന്ന് പിഐബി വ്യക്തമാക്കി. ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ പരസ്യം മാത്രമാണ് ഈ ബ്രാന്‍ഡിംഗെന്ന് പിഐബി പറഞ്ഞു.

” ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു സ്വകാര്യ കമ്പനിയുടെ സ്റ്റാമ്പുകള്‍ ട്രെയിനുകളില്‍ പതിപ്പിച്ചെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫെയ്സ്ബുക്കിലൂടെ പ്രചരിക്കുന്നു. ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇത് ‘നോണ്‍ റെന്റല്‍ റെവന്യൂ’ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു വാണിജ്യ പരസ്യം മാത്രമാണ്” -പിഐബി ഫാക്റ്റ് ചെക്ക് ട്വിറ്റര്‍ പേജ് വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button