ന്യൂഡൽഹി : തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിന് വിജയസാധ്യതയുണ്ടായിരുന്ന കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ത്രിതല പഞ്ചായത്തുകളിലും ഉണ്ടായ തോൽവിയുടെ യഥാർഥ വസ്തുതകൾ കണ്ടെത്തി അടിയന്തരപരിഹാരം കാണണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
കെപിസിസി നേതൃത്വവും യുഡിഎഫും ഇത് സമഗ്രമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിനുണ്ടായ തിരിച്ചടികളെക്കുറിച്ച് കൃത്യമായി വിലയിരുത്തി ഉന്നതതലത്തിലും പാർട്ടി തലത്തിലും ആവശ്യമായ തിരുത്തലുകൾ വരുത്താൻ നേതൃത്വം തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തിരഞ്ഞെടുപ്പിലെ വിജയത്തിൽ അഹങ്കരിക്കേണ്ട. ബിജെപിയുടെ അവകാശവാദങ്ങൾ ഒന്നുംതന്നെ കേരളത്തിൽ വിലപ്പോയില്ല. പരാജയത്തിന്റെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജനഹിതമനുസരിച്ച് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും പ്രവർത്തനം വിപുലപ്പെടുത്തണം. വോട്ടർമാർക്കുണ്ടായിട്ടുള്ള അതൃപ്തിയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിച്ച് മുന്നോട്ടു പോകണം കൊടിക്കുന്നിൽ പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെയും, ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെയും ജനങ്ങളെ അണിനിരത്തണം. നാലുമാസത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments