ന്യൂഡല്‍ഹി : മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടു വന്ന സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഈ മൂന്ന് നിയമങ്ങളെക്കുറിച്ചുള്ള കര്‍ഷകരുടെ എല്ലാ നല്ല നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പ്രവര്ത്തകന് അണ്ണാ ഹസാരെ കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ ചേരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ”അണ്ണാ ഹസാരെ ജി പ്രക്ഷോഭത്തില്‍ ചേരുമെന്ന് ഞാന്‍ കരുതുന്നില്ല. കര്‍ഷകര്‍ക്കെതിരെ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. തങ്ങളുടെ ഉല്പന്നങ്ങള് മാണ്ടിയിലോ വ്യാപാരികള്‍ക്കോ മറ്റെവിടെയെങ്കിലുമോ വില്‍ക്കുന്നത് കര്‍ഷകരുടെ അവകാശമാണ് ”- ഗഡ്കരി പറഞ്ഞു.
കര്‍ഷക യൂണിയനുകളുടെ പ്രതിഷേധത്തിന് പരിഹാരം കണ്ടെത്താനുള്ള ഏക മാര്‍ഗം ചര്‍ച്ചകള്‍ ആണെന്നും, അത് നടക്കാത്ത പക്ഷം ചില തെറ്റിദ്ധാരണകളിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ചര്‍ച്ചകള്‍ ഇല്ലെങ്കില്‍ അത് തെറ്റായ ആശയ വിനിമയത്തിലേക്കും വിവാദങ്ങളിലേക്കും നയിക്കും. ചര്‍ച്ച നടന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. എല്ലാം അവസാനിക്കും. കര്‍ഷകര്‍ക്ക് നീതി ലഭിക്കും. അവര്‍ക്ക് ആശ്വാസം ലഭിക്കും. ഞങ്ങള്‍ കര്‍ഷകരുടെ താല്പര്യത്തിനായി പ്രവര്‍ത്തിക്കുന്നു.”- ഗഡ്കരി പറഞ്ഞു.
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസം അണ്ണാ ഹസാരെ രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിരാഹാര സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമറിന് കത്തയച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാം തവണയാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി ഹസാരെ രംഗത്തെത്തുന്നത്.
Post Your Comments