![](/wp-content/uploads/2020/12/doctor.jpg)
ലുധിയാന : സിസേറിയന് ശേഷം യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ തൂവാല വെച്ച് മറന്ന് ഡോക്ടര്‍മാര്‍. പഞ്ചാബിലെ ലുധിയാനയിലെ സിവില്‍ ഹോസ്പിറ്റലിലാണ് സംഭവം നടന്നത്. ഇതിനെതിരെ അന്വേഷണം നടത്താനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
യുവതിയുടെ ഭര്‍ത്താവ് രവീന്ദര്‍ സിംഗ്, ബന്ധുക്കള്‍, ചില സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആശുപത്രിയുടെ പ്രസവ വാര്‍ഡിന് പുറത്ത് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തു വന്നത്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രസവവേദനയെ തുടര്‍ന്ന് ഡിസംബര്‍ 7ന് രവീന്ദര്‍ ഗര്‍ഭിണിയായ ഭാര്യയെ സിവില്‍ ആശുപത്രിയിലെത്തിച്ചു. പരിശോധനകള്‍ നടത്തിയ ശേഷം ഡോക്ടര്‍മാര്‍ സിസേറിയന് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു. അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. നവജാതശിശു സുരക്ഷിതനാണെങ്കിലും പ്രസവ ശേഷം അമ്മയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. മൂത്രമൊഴിക്കാന്‍ പ്രയാസം ആയിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ അവര്‍ക്ക് ഒരു സെഡേറ്റീവ് നല്കി.
” രണ്ട് ദിവസമായിട്ടും വേദന കുറയാത്തപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. പക്ഷേ പട്യാലയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ അവര്‍ ഞങ്ങളോട് പറഞ്ഞു. ഒടുവില്‍, ഡിസംബര്‍ 11ന് ഞാന്‍ അവളെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. അവിടെ ഡോക്ടര്‍മാര്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ഒരു തൂവാല കണ്ടെത്തി. ഒരു ചെറിയ അശ്രദ്ധ എന്റെ ഭാര്യയെ മരണത്തിലേക്ക് വരെ നയിച്ചേനെ ” – രവീന്ദര്‍ സിംഗ് പറഞ്ഞു. രവീന്ദര്‍ സിംഗ് ആശുപത്രി ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
Post Your Comments