ന്യൂഡല്‍ഹി : രാജ്യങ്ങള്‍ തമ്മിലുള്ള വിപുലമായ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലും ഭൂട്ടാനും നയതന്ത്രബന്ധം സ്ഥാപിച്ചു. ന്യൂഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ വെച്ച് ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ അംബാസഡര്‍മാരാണു കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യയിലെ ഭൂട്ടാന്‍ എംബസി മുഖേനയാണ് യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഭൂട്ടാനുമായി സഹകരിക്കുന്നത്.
മൊറോക്കോയുമായി കഴിഞ്ഞ ദിവസം സഹകരണത്തിനു ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഭൂട്ടാനുമായി കരാര്‍ ഒപ്പിട്ടത്. യുഎഇ, ബഹ്റൈന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുമായും നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. കൃഷി, സാങ്കേതികം, ജലവിഭവ വിനിയോഗം എന്നീ മേഖലകളില്‍ ഉള്‍പ്പെടെ വിപുലമായ സഹകരണത്തിനു വഴി തുറന്നതായി ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ കരാര്‍ ഒപ്പിട്ട ശേഷമുള്ള സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളുമായി ഭൂട്ടാന് നയതന്ത്രബന്ധമുണ്ട്. എന്നാല്‍ ചൈന, യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്രബന്ധമില്ല. നയതന്ത്രബന്ധം സ്ഥാപിച്ചത് ഇപ്പോഴാണെങ്കിലും കാര്‍ഷികമേഖലയിലെ മാനവശേഷി വികസനത്തില്‍ 1982 മുതല്‍ ഭൂട്ടാന് ഇസ്രയേലിന്റെ പിന്തുണയുണ്ട്.
Post Your Comments