Latest NewsIndia

കോണ്‍ഗ്രസിന്റെ പതനം: സോണിയയ്‌ക്കും മന്‍മോഹനും എതിരെ പ്രണബ് മുഖർജിയുടെ ആത്മകഥ

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ 2014-ലെ പൊതുതെരഞ്ഞെടുപ്പു പരാജയത്തിന്‌ മുന്‍ രാഷ്‌ട്രപതികൂടിയായ അന്തരിച്ച പ്രണബ്‌ മുഖര്‍ജി പഴിക്കുന്നത്‌ സോണിയാ ഗാന്ധിയെയും മന്‍മോഹന്‍ സിങ്ങിനെയും. പുതുവത്സരത്തില്‍ പ്രസിദ്ധീകരണത്തിനു തയാറെടുക്കുന്ന മുഖര്‍ജി രചിച്ച ദ പ്രസിഡന്‍ഷ്യല്‍ ഇയേഴ്‌സ്‌ എന്ന പുസ്‌തകത്തിലാണ്‌ ഈ വിശദാംശങ്ങളുള്ളത്‌.കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവും ഒരുപോലെ പരാജയപ്പെട്ടെന്ന് പറയുന്നു പ്രണബ് മുഖര്‍ജി.

സോണിയ ഗാന്ധിക്ക് പാര്‍ട്ടിയിലെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനായില്ല. സഖ്യം സംരക്ഷിക്കുന്ന തിരക്കില്‍, മന്‍മോഹന് ഭരണമികവ് പുറത്തെടുക്കാനായില്ല. പ്രധാനമന്ത്രിയായിരുന്നിട്ടും, എംപിമാരുമായി മന്‍മോഹന്‍ സിംഗിന് നല്ല ബന്ധം സ്ഥാപിക്കാനായില്ലെന്നും പ്രണബ് നിരീക്ഷിക്കുന്നു. 2004 ല്‍ ഞാന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ 14 ലെ തിരിച്ചടിയില്‍ നിന്ന് പാര്‍ട്ടി രക്ഷപ്പെടുമായിരുന്നു, എന്ന് നിരീക്ഷിക്കുന്ന കോണ്‍ഗ്രസുകാരുണ്ട്. പക്ഷേ, തനിക്ക് ആ അഭിപ്രായമില്ലെന്നും പ്രണബ് ദ് പ്രസിഡന്‍ഷ്യല്‍ ഇയേഴ്സില്‍ കുറിച്ചിട്ടുണ്ട്.

പാര്‍ട്ടി നേതൃത്വത്തിനെതിരേ മുതിര്‍ന്ന നേതാക്കള്‍തന്നെ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണു പഴയ സതീര്‍ഥ്യന്റെ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയം. താന്‍ പ്രസിഡന്റ്‌ പദത്തിലേക്ക്‌ ഉയര്‍ത്തപ്പെട്ടതിനു പിന്നാലെ പാര്‍ട്ടി നേതൃത്വത്തിനു രാഷ്‌ട്രീയലക്ഷ്യം നഷ്‌ടമായെന്നു പ്രണബ്‌ മുഖര്‍ജി പുസ്‌തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സോണിയാ ഗാന്ധിക്കു കഴിഞ്ഞില്ല. പാര്‍ലമെന്റില്‍നിന്നുള്ള മന്‍മോഹന്‍സിങ്ങിന്റെ ദീര്‍ഘനാളത്തെ അസാന്നിധ്യം മറ്റ്‌ എം.പിമാരുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീഴ്‌ത്തി.

ഇതുരണ്ടും 2014-ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പതനത്തിനു വഴിവച്ചു- 2012-ല്‍ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പ് അധികാരത്തിലെത്തിയ കോണ്‍ഗ്രസ്‌ മന്ത്രിസഭകളിലെ പതിവുമുഖങ്ങളിലൊരാളായ മുഖര്‍ജി പറയുന്നു.
പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങിനെയും നരേന്ദ്ര മോഡിയെയും മുഖര്‍ജി പുസ്‌തകത്തില്‍ താരതമ്യം ചെയ്യുന്നുമുണ്ട്‌. സഖ്യകക്ഷികളെ പിണക്കാതെ ഒപ്പം നിര്‍ത്തി സര്‍ക്കാരിനെ നിലനിര്‍ത്തേണ്ട ബാധ്യത മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തിനു വെല്ലുവിളിയായിരുന്നു.

read also: പുതിയ നിയമങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുന്ന അവസരങ്ങളും നേട്ടങ്ങളും വിവരിച്ച്‌ രാജ്യമാകെ കര്‍ഷകസഭകള്‍ വിളിക്കും

ആദ്യടേമില്‍ ഏകാധിപത്യ സ്വഭാവത്തോടെയുള്ള ഭരണമാണു മോഡി കാഴ്‌ചവച്ചതെന്നാണു മുഖര്‍ജിയുടെ നിരീക്ഷണം. വിവിധ സംസ്‌ഥാനങ്ങളിലെ രാഷ്‌ട്രപതിഭരണം സുപ്രീം കോടതി റദ്ദാക്കിയതും 2016-ലെ നോട്ട്‌ നിരോധന പ്രഖ്യാപനത്തിലെ തന്റെ പങ്കാളിത്തവും അടക്കമുള്ള വിവാദ വിഷയങ്ങള്‍ പുസ്‌തകത്തില്‍ മുഖര്‍ജി പരാമര്‍ശിക്കുന്നുണ്ടെന്നാണു സൂചന.

shortlink

Post Your Comments


Back to top button