ദുബായ് : ജമ്മു-കശ്മീരിൽ ഭക്ഷ്യസംസ്കരണ യൂണിറ്റ് തുടങ്ങാൻ ലുലു ഗ്രൂപ്പ്. ശ്രീനഗറിലാണ് യൂണിറ്റ് ആരംഭിക്കുക. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. 2019 ൽ യുഎഇ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി വാർത്താക്കുറിപ്പിൽ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു. ദുബായിൽ നടന്ന യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടിയുടെ ഭാഗമായി ജമ്മു-കശ്മീരിൽ നിന്നുള്ള പ്രതിനിധി സംഘവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ചർച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയിലാണ് പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയത്. നിലവിൽ കശ്മീരി ആപ്പിളും കുങ്കുമപ്പൂവും ഗൾഫ് മേഖലയിലേക്ക് ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുവരെ 400 ടൺ ആപ്പിളുകൾ കശ്മീരിൽ നിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. വരും വർഷങ്ങളിൽ ഇതിന്റെ തോത് വർദ്ധിപ്പിക്കും. ഇത് കൂടാതെ കശ്മീരിന്റെ മറ്റ് കാർഷിക ഉത്പ്പന്നങ്ങളിലേക്കും പഴവർഗങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും.ഇൻക്രെഡിബിൾ ഇന്ത്യയുടെ ഭാഗമായി വരുന്ന റിപ്പബ്ലിക് ദിനത്തിൽ ഗൾഫ് മേഖലകളിലെ ലുലു സൂപ്പർ മാർക്കറ്റുകളിൽ കശ്മീർ സ്പെഷ്യൽ സംഘടിപ്പിക്കും.
ജനുവരി 24 മുതൽ നടക്കുന്ന പരിപാടിയിൽ കശ്മീരിലെ തനത് ഉത്പന്നങ്ങളും പരമ്പരാഗത ഭക്ഷ്യ വിഭവങ്ങളും ഉൾപ്പെടെ ഇടംപിടിക്കും.ദുബായിലെ ഇന്ത്യൻ കാേൺസുലേറ്റ് ജനറലും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ഇൻവെസ്റ്റ് ഇന്ത്യയും സംയുക്തമായിട്ടാണ് യുഎഇ -ഇന്ത്യ ഭക്ഷ്യ സുരക്ഷാ ഉച്ചകോടി സംഘടിപ്പിച്ചത്. ലുലു ഗ്രൂപ്പിന്റെ തീരുമാനം കശ്മീരിലെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുമെന്നും നിരവധി യുവാക്കൾക്ക് താെഴിലവസരം നൽകുമെന്നും കോൺസൽ ജനറൽ ഡോ. അമൻ പുരി ചൂണ്ടിക്കാട്ടി.
read also: കര്‍ഷകരുടെ അന്ത്യശാസനം തള്ളി കേന്ദ്രം; ‘ട്രെയിന്‍ തടയും, അംബാനിയെയും അദാനിയേയും വിറപ്പിക്കും’- കർഷകർ
കശ്മീരിൽ നിന്നുള്ള കാർഷിക ഉത്പ്പന്നങ്ങൾ ഗൾഫ് മേഖലയിലേക്ക് കയറ്റി അയയ്ക്കുന്നതിൽ ക്രിയാത്മക ചർച്ചയാണ് ലുലു ഗ്രൂപ്പുമായി നടന്നതെന്ന് കശ്മീർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയ കാർഷിക ഉത്പാദന പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരി അഭിപ്രായപ്പെട്ടു. ഭക്ഷ്യ സംസ്കരണ യൂണിറ്റിനും ഇതുമായി ബന്ധപ്പെട്ട ലാെജിസ്റ്റിക്സ് സെന്ററിനും എല്ലാ സഹായവും ഒരുക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൊജിസ്റ്റിക്സ് സേവനങ്ങൾക്ക് കശ്മീരിലെ ഫ്രൂട്ട് മാസ്റ്റർ അഗ്രോ ഫ്രഷ് കമ്പനിയുമായും ലുലു ഗ്രൂപ്പ് ധാരണയിലെത്തി.
Post Your Comments