ന്യൂഡൽഹി: കേന്ദ്രം പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ ആരംഭിച്ച സമരം ശക്തി പ്രാപിക്കുന്നു. ഡിസബംര്‍ പത്തിനുള്ളില്‍ നിയമം പിന്‍വലിക്കണമെന്നാണ് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അന്ത്യശാസനം. എന്നാല്‍ നിയമം പിന്‍വലിക്കാനുള്ള യാതൊരു നടപടികളും ഇതുവരെ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ തീവണ്ടി തടയുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അന്ത്യശാസനം തള്ളിയ സാഹചര്യത്തില്‍ രാജ്യത്തെ തീവണ്ടി മുഴുവന്‍ തടയാന്‍ ട്രാക്കുകളിലേക്ക് ഇറങ്ങാനാണ് കര്‍ഷകരുടെ യോഗം തീരുമാനിച്ചത്.
സംയുക്ത കിസാന്‍ മഞ്ച് തീവണ്ടി തടയലിന്റെ പ്രഖ്യാപനം നടത്തുമെന്ന് കര്‍ഷക നേതാവ് ബൂട്ടാ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ തന്നെ അദാനിക്കും അംബാനിക്കും എതിരെ ബഹിഷ്‌ക്കരണം പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ഇത് കൂടുതല്‍ ശക്തമാക്കാനാണ് അവരുടെ നീക്കം. അതേസമയം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും എതിര്‍പ്പുള്ള വ്യവസ്ഥകളില്‍ സംഘടനകള്‍ ചര്‍ച്ചയ്ക്കു തയാറാവണമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കിയതോടെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ അയവില്ലെന്നും വ്യക്തമായി.
തുടര്‍പ്രക്ഷോഭ പരിപാടികള്‍ക്കു രൂപം നല്‍കാന്‍ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘുവില്‍ ചേര്‍ന്ന യോഗത്തിലാണു ട്രെയിനുകള്‍ തടയാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. തീയതി വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഈ മാസം പത്തിനകം തങ്ങളുടെ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്നു നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നു കര്‍ഷക നേതാവ് ബൂട്ടാ സിങ് പറഞ്ഞു.ഡല്‍ഹിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
ദ്രുതകര്‍മ സേനയും സിഐഎസ്‌എഫും രംഗത്തിറങ്ങി. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു പുറപ്പെട്ടു. സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 14ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അറിയിച്ചു. കര്‍ഷകര്‍ ഇപ്പോള്‍ നടത്തുന്ന സമരം പിന്‍വലിക്കുന്നതിന് അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതിന് പിന്നാലെ സിംഘുവില്‍ ചേര്‍ന്ന സമര സമിതി യോഗത്തിലാണ് കര്‍ഷകര്‍ നിലപാട് അറിയിച്ചത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ തള്ളിയത്.
Post Your Comments