KeralaLatest NewsNews

നെല്ലിക്ക ജ്യൂസും നെല്ലിക്കയും അമിതമായി കഴിച്ചാല്‍ ഏറെ അപകടകാരി, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിയ്ക്കുക ഡോക്ടറുടെ കുറിപ്പ്

തിരുവനന്തപുരം: ഏറെ ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് നെല്ലിക്ക. ഓര്‍മശക്തിയ്ക്കും ആരോഗ്യത്തിനും പതിവായി നെല്ലിക്കയും നെല്ലിക്ക ജ്യൂസും കഴിയ്ക്കുന്നവരുടെ എണ്ണം ഏറിവരികയാണ്. എന്നാല്‍ നെല്ലിക്കയുടെ അമിത ഉപയോഗം ആരോഗ്യത്തിന്  ദോഷകരമായി ഭവിയ്ക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നെല്ലിക്കയുടെ അമിതമായ ഉപയോഗം വൃക്ക തകരാറുകള്‍ക്ക് വഴിവെക്കുമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ ഡോ ജിതേഷ്. ഇതുസംബന്ധിച്ച തന്റെ ഒരു അനുഭവത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

ഡോ. ജിതേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:

ഇന്‍ഷൂറന്‍സ് ആവശ്യത്തിനുവേണ്ടി ജനറല്‍ബോഡി ചെക്കപ്പിന്റെ ഭാഗമായി നടത്തിയ ലാബ് ടെസ്റ്റുകളുമായി 45 വയസ്സുള്ള ആള്‍ ഒപി യിലേക്ക് വന്നു. കൃത്യമായി വ്യായാമം ഉള്‍പ്പെടെ ചെയ്യുന്ന ആരോഗ്യത്തില്‍ നല്ല ശ്രദ്ധയുള്ള ആള്‍. അതുകൊണ്ടാവാം, ജീവിതശൈലിരോഗങ്ങള്‍ ഉള്‍പ്പെടെ ഒരു പ്രശ്‌നവും ഇല്ലാത്ത നോര്‍മല്‍ റിസള്‍ട്ടുകള്‍, ഒന്നൊഴിച്ച്- വൃക്കയുടെ പ്രവര്‍ത്തന സൂചികയായ Serum creatinine 1.5 mg/dl

വൃക്കയുടെ പ്രവര്‍ത്തനക്ഷമത കുറയാനുള്ള സാധാരണ കാരണങ്ങള്‍, നിയന്ത്രണമില്ലാത്ത പ്രമേഹവും പ്രഷറും ആണ്. പിന്നെയുള്ളത് നീണ്ടുനില്‍ക്കുന്ന മൂത്രക്കല്ല്, പ്രോസ്റ്റേറ്റ് വീക്കം തുടങ്ങിയവകൊണ്ടുള്ള മൂത്രാശയരോഗങ്ങളൊക്കെയാണ്. ഇതൊന്നുമില്ലാത്ത ഒരാളോട് അടുത്തതായി ചോദിക്കാനുള്ളത്, എന്തെങ്കിലും പച്ചമരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നാണ്. കാരണം കേരളത്തില്‍ കിഡ്‌നി രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാവുന്നതിന്റെ ഒരു പ്രധാന കാരണമാണ് വിവിധതരം പച്ചമരുന്നുകള്‍. അങ്ങനെയൊന്നുമില്ല എന്ന് അയാള്‍ പറഞ്ഞതുകൊണ്ട് ഞാന്‍ അടുത്തതായി ചോദിച്ചത്, നെല്ലിക്ക ജ്യൂസോ നെല്ലിക്ക ചേര്‍ത്ത എന്തെങ്കിലും പാനീയങ്ങളോ പതിവായി കഴിക്കാറുണ്ടോ എന്നാണ്. ‘യെസ്, നെല്ലിക്ക ജ്യൂസ് രാവിലെയും രാത്രി നെല്ലിക്കാരിഷ്ടവും.’

നെല്ലിക്ക ജ്യൂസ് പതിവായി കഴിക്കുന്ന ശീലം, എന്തെങ്കിലും അസുഖം ഉള്ളവരുടെ ഇടയിലും ഇല്ലാത്തവരിലും വ്യാപകമായുണ്ട്. അത് ദോഷകരമല്ലെന്നാണ് കുറച്ചുകാലം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്. ഇതുപോലെ ചിലരില്‍ കാരണമില്ലാതെ ക്രിയാറ്റിന്‍ ലെവല്‍ കൂടുതല്‍ കണ്ടതുകൊണ്ട് നടത്തിയ അന്വേഷണത്തിലാണ് ഒരു കോമണ്‍ ഫാക്ടര്‍ ആയി നെല്ലിക്ക ജ്യൂസ് കണ്ടത്. അതോടെയാണ് നെല്ലിക്കയെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചത്. അപ്പോഴാണ് മനസ്സിലായത് ഇതൊക്കെ എത്രയോ കാലം മുന്നേ മനസ്സിലാക്കപ്പെട്ട കാര്യങ്ങളാണെന്ന്.

നെല്ലിക്കയില്‍ വിറ്റാമിന്‍ ഇ ധാരാളമായുണ്ട്. കൊഴുപ്പില്‍ അലിയാത്ത ഒരു വിറ്റാമിനാണ് ഇ. അതുകൊണ്ട് ആവശ്യത്തിലധികം വരുന്ന വിറ്റാമിന്‍ സി ശരീരത്തില്‍ സംഭരിക്കപ്പെടാതെ ഓക്‌സലേറ്റ്കളായി പുറന്തള്ളപ്പെടുന്നു. ഇതാണ് വൃക്കയില്‍ അടിഞ്ഞു കൂടുന്നതും വൃക്കയുടെ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതും.

ഇത് നെല്ലിക്കയുടെ മാത്രം പ്രശ്‌നമല്ല, ഓക്‌സലേറ്റ് അധിക അളവിലുള്ള മറ്റ് ഫലങ്ങളിലെ കാര്യത്തിലും ഇങ്ങനെ തന്നെ. (ഇക്കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധി ഉള്ളതാണ് ഇലുമ്പന്‍പുളി. ഇലുമ്പന്‍ പുളി ജ്യൂസ് ഒരാഴ്ച കഴിച്ചാല്‍ പോലും വൃക്കയെ ദോഷകരമായി ബാധിക്കാം) ഇപ്പോള്‍ കൊറോണക്കാലം ആയതുകൊണ്ട് വിറ്റാമിന്‍ സി ഗുളികകളും വിറ്റാമിന്‍ സി അടങ്ങിയ ഫലങ്ങളും ഒരുപാട് കഴിക്കുന്ന ആളുകളുണ്ട്. മനുഷ്യന് ഒരു ദിവസം ആവശ്യമുള്ള വിറ്റാമിന്‍ സി യുടെ അളവ് 90 മില്ലി ഗ്രാമാണ്. അതില്‍ കൂടുതല്‍ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടോ എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. എന്നാല്‍ അമിത അളവില്‍ വിറ്റാമിന്‍-സി ദോഷകരമാണ് എന്നത് തെളിയിക്കപ്പെട്ടതാണ്.

രക്ത ‘ശുദ്ധീകരണത്തിന്’ നെല്ലിക്ക സ്ഥിരമായി കഴിക്കുന്നവരുണ്ട്. യഥാര്‍ത്ഥത്തില്‍ അമിതമായി നെല്ലിക്ക കഴിച്ചാല്‍ രക്തം അശുദ്ധമാവുകയാണ് ചെയ്യുക. (വൃക്കയുടെ പ്രവര്‍ത്തനം തടസ്സപ്പെടുമ്പോള്‍ രക്തത്തില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു).നെല്ലിക്ക അമിതമായി ഉപയോഗിക്കുമ്പോള്‍ നിര്‍ജ്ജലീകരണം ഉണ്ടാവുന്നു. വെള്ളം കുടി കുറഞ്ഞ ശീലമുള്ളവര്‍ക്ക് നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ മലശോധന കുറയുന്നതിനും താരന്‍ ശല്യം ഉണ്ടാകുന്നതിനും കാരണം ഇതാണ്.

പ്രമേഹരോഗികളാണ് നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത്. കാരണം പ്രമേഹരോഗികള്‍ക്ക് അല്ലാതെ തന്നെ വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകും. നിര്‍ജലീകരണം കൊണ്ടു സോഡിയത്തിന്റെ അളവ് കൂടുന്നത് വൃക്കയുടെ പ്രവൃത്തി ഭാരം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പ്രമേഹരോഗ മരുന്നുകളുടെ കൂടെ നെല്ലിക്ക ജ്യൂസ് കഴിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ പെട്ടെന്നു വ്യതിയാനങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു. നെല്ലിക്ക അസിഡിക് ആയതുകൊണ്ട്, വയറില്‍ പെപ്റ്റിക് അള്‍സര്‍ ഉള്ളവര്‍ക്കും ദോഷം ചെയ്യും. നെല്ലിക്ക ജ്യൂസ് കഴിക്കുന്ന പലര്‍ക്കും മൂത്രമൊഴിക്കുമ്പോള്‍ എരിച്ചില്‍ അനുഭവപ്പെടുന്നതിന് കാരണവും കാല്‍സ്യം ഓക്‌സലേറ്റ് കല്ലുകളാണ്. ആയുര്‍വേദത്തില്‍ വിശിഷ്ഠസ്ഥാനമാണ് നെല്ലിക്കക്കുള്ളത് ( ച്യവനപ്രാശം/ ത്രിഫലചൂര്‍ണ്ണം/ നെല്ലിക്ക കഷായം).

അപ്‌സരസ്സായ മേനകയില്‍ ആകൃഷ്ടനായ ച്യവന മഹര്‍ഷി, യൗവനം നിലനിര്‍ത്താന്‍ വേണ്ടി ഉപയോഗിച്ചതാണത്രേ ച്യവനപ്രാശം. ഇതിഹാസങ്ങളുടെ ഈ ‘ദിവ്യത്വവും’ ആയുര്‍വേദ പാരമ്ബര്യത്തിന്റെ പൊലിമയും പരസ്യം ചെയ്താണ് പതഞ്ജലി നെല്ലിക്ക ജ്യൂസ് വില്‍പ്പന നടത്തുന്നത്. ‘ദിവ്യ ഫലം’ ആയതു കൊണ്ട് എത്ര കഴിച്ചാലും കേടില്ല എന്നാണ് അര്‍ത്ഥവും വിശ്വാസവും! പറഞ്ഞു വരുന്നത് നെല്ലിക്ക ഒരു വിഷക്കനി ആണെന്നോ, നെല്ലിക്കക്ക് പോഷകഗുണങ്ങളില്ലെന്നോ അല്ല. കഴിക്കുന്ന അളവിലും കാലയളവിലുമാണ് കാര്യം. അധികമായാല്‍ അമൃതും വിഷമാണ്.

– ഡോ ജിതേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button