KeralaLatest NewsNewsDevotional

ശബരിമലയും വ്രതാനുഷ്ഠാനവും

നാല്‍പ്പത്തൊന്ന് ദിവസത്തെ കഠിനം വ്രതം മല കയറും മുമ്പ് ഓരോ ഭക്തനും അനുഷ്ഠിക്കേണ്ട പ്രധാന കാര്യം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഐതീഹ്യങ്ങളും ഏറെയാണ്.

ധര്‍മ്മശാസ്താ പ്രതിഷ്ഠയാണ് ശബരിമലയിലേത്. സന്ന്യാസി ഭാവത്തിലാണ് അയപ്പന്‍ ശബരിമലയില്‍ വാഴുന്നത്. ധര്‍മ്മശാസ്താവില്‍ അയ്യപ്പന്‍ വിലയം പ്രാപിച്ചു എന്നാണു കഥ. സങ്കട മോചകനാണ് അയ്യപ്പന്‍. ‘ഞാന്‍ നിന്നില്‍ തന്നെ ഉണ്ട്’ അഥവാ ‘നീ തന്നെയാണ് ഈശ്വരന്‍’ എന്നര്‍ത്ഥം വരുന്ന തത്ത്വമസി എന്ന വാക്യം ക്ഷേത്രത്തിനു മുന്നില്‍ കാണാം. അതിനാല്‍ ഇവിടെ വരുന്ന പുരുഷ ഭക്തരെ ഭഗവാന്റെ പേരായ അയ്യപ്പന്‍ എന്നാണ് അഭിസംബോധന ചെയ്യുന്നത്; സ്ത്രീകളെ ദേവീനാമമായ മാളികപ്പുറത്തമ്മ എന്നും.
കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്.

തീര്‍ത്ഥാടനത്തിനായി സൂര്യദേവന്‍ മോക്ഷപദത്തിലേക്കു പ്രയാണം തുടങ്ങുന്ന വൃശ്ചികം ഒന്നിനു വ്രതം തുടങ്ങണം. അരുണോദയത്തിനു മുമ്പു സ്‌നാനം. ഭക്തര്‍ കഴുത്തില്‍ അയ്യപ്പമുദ്രയോടുകൂടിയ മാല ധരിക്കണം. സുഖഭോഗങ്ങളെല്ലാം പരിത്യജിച്ച് പ്രകൃതിക്കനുസരിച്ച ദിനചര്യവേണം. ക്ഷൗരം പാടില്ല. ബ്രഹ്മചര്യം കര്‍ശനമാണ്. സസ്യാഹാരമേ പാടുള്ളു.

ശബരിമലയുടെ മാത്രം പ്രത്യേകതയാണ് പതിനെട്ടാംപടി. ശ്രീകോവില്‍ പോലെ പരമ പവിത്രമാണ് പതിനെട്ടാംപടിയെന്നാണ് വിശ്വാസം. ഇരുമുടി കെട്ടുമായി വേണം ഭക്തര്‍ പടി ചവിട്ടാന്‍. എന്നാല്‍ ശബരിമലയുമായി ഏറ്റവും ബന്ധപ്പെട്ട് നില്‍ക്കുന്ന പന്തളം കൊട്ടാരത്തിലെ രാജ പ്രതിനിധിക്ക് പതിനെട്ടാംപടികയറാന്‍ ഇരുമുടി കെട്ടുവേണ്ട. ഇരുമുടി കെട്ടില്‍ അഭിഷേകത്തിനുള്ള നെയ്‌ത്തേങ്ങ, വഴിപാട് സാധനങ്ങള്‍ എന്നിവ കരുതിയിരിക്കണം. പടികയറി ശ്രീധര്‍മ്മശാസ്താവിനെ തൊഴുതശേഷം കന്നിമൂല ഗണപതി, നാഗരാജാവ്, മാളികപ്പുറം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തണം. കൊച്ചുകടുത്ത, മണി മണ്ഡപം, നാഗര്, നവഗ്രഹങ്ങള്‍, മലദൈവങ്ങള്‍ എന്നിവയ്ക്കു ശേഷം മാളികപ്പുറത്തമ്മയെ തൊഴാം.

ഒരോ പൂജക്കും ഓരോ നിവേദ്യങ്ങളാണ്. നിര്‍മ്മാല്യത്തിന് അഷ്ടാഭിഷേകം പ്രധാനമാണ്. ത്രിമധുരമാണ് നിവേദിക്കുക. എല്ലാ ദിവസവും 25 കലശത്തോടെയാണ് ഉച്ചപൂജ. ഇടിച്ചു പിഴിഞ്ഞപായസം, അരവണ, വെള്ള എന്നിവയാണ് നിവേദ്യം. ദീപാരാധനയ്ക്ക് വെള്ളയും അത്താഴപൂജക്ക് അപ്പം, പാനകം, വെള്ള എന്നിവയും നിവേദ്യമായി ഉണ്ട്.

മണ്ഡലപൂജയും മകരവിളക്കുമാണ് ശബരിമലയില്‍ ഏറ്റവും പ്രധാന്യം. എല്ലാ വര്‍ഷവും ധനു മാസം 11നാണ് മണ്ഡലപൂജ വരിക. തിരുവിതാംകൂര്‍ മഹാരാജാവ് നടയ്ക്കുവെച്ച തങ്കി ചാര്‍ത്തിയാണ് മണ്ഡല പൂജ. മകരസംക്രമ ദിവസമാണ് മകരവിളക്ക്. അന്ന് മകരസംക്രമ പൂജയും സന്ധ്യക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധനയും നടക്കും. വിഷുക്കണി ദര്‍ശനം, നിറപുത്തരി, ചിത്തിര ആട്ടതിരുനാള്‍, പ്രതിഷ്ഠാദിനം , പൈങ്കുനി ഉത്രം എന്നിവയും വിശേഷങ്ങളാണ്. മീന മാസത്തിലെ പൈങ്കുനി ഉത്രമാണ് ഭഗവാന്റെ പിറന്നാള്‍. അന്ന് ആറാട്ട് വരത്തക്ക വിധത്തിലാണ് 10 ദിവസത്തെ ഉല്‍സവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button