ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് അറബ് രാജ്യങ്ങള്‍. ഇതിന്റെ ഭാഗമായി അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ കരസേന മേധാവി എം.എം നരവനെ. അറബ് രാജ്യങ്ങളായ യു.എ.ഇയും സൗദി അറേബ്യയുമായുളള ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ സഹകരണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികളാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഡിസംബര്‍ 9ന് യു.എ.ഇയിലെത്തുന്ന നരവനെ അവിടെ കരസേനാ മേധാവിയുമായി ചര്‍ച്ചകള്‍ നടത്തും. മുതിര്‍ന്ന കരസേനാ മേധാവികളെയും 9,10 തീയതികളില്‍ നരവനെ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തും. വിവിധ പ്രതിരോധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. ഡിസംബര്‍ 13ന് സൗദി അറേബ്യയിലെത്തുന്ന എം.എം നരവനെ രാജ്യത്തെ വിവിധ പ്രതിരോധ മേധാവികളെ കണ്ട് സുശക്തമായ പ്രതിരോധ സഹകരണം ഉറപ്പ് വരുത്തും.
ഇതിനു പുറമേ സൗദി കരസേനയുടെ ആസ്ഥാന കാര്യാലയം എം.എം നരവനെ സന്ദര്‍ശിക്കും. സംയുക്ത സേന ആസ്ഥാനവും കിംഗ് അബ്ദുള്‍ അസീസ് വാര്‍ കോളേജും സന്ദര്‍ശിക്കും. ദേശീയ പ്രതിരോധ സര്‍വകലാശാലയില്‍ കുട്ടികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും. ഈ രാജ്യങ്ങളിലെ പൊതുഅവധി ദിവസങ്ങളില്‍ അദ്ദേഹം അവിടെത്തന്നെ തുടരും.
പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി പ്രതിരോധ,സുരക്ഷാ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യം കരസേന മേധാവിയെ അയക്കുന്നത്. മുന്‍പ് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ നവംബര്‍ 24 മുതല്‍ 26 വരെ ബഹറൈനിലും യു.എ.ഇയിലും സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് നരവനെയുടെ സന്ദര്‍ശനം. തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്.
Post Your Comments