ദോഹ: ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരവുമായി കുവൈത്തും ഖത്തറും. യു.എസ് പ്രസിഡന്റിന്റെ മുതിര്‍ന്ന ഉപദേശകന് ജാരദ് കുഷ്നറിന്റെ ജി.സി.സി രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് കാര്യങ്ങളില്‍ പുരോഗതിയുണ്ടായിരിക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ചര്‍ച്ചകളും ശ്രമങ്ങളും പുരോഗമിക്കുന്നതായി കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസര്‍ അല്‍ സബാഹ് പറഞ്ഞു. കുവൈത്ത് ടെലിവിഷനിലാണ് അദ്ദേഹത്തിെന്റ പ്രസ്താവന വന്നത്.
ജാരദ് കുഷ്നറിന്റെ സന്ദര്‍ശനത്തിനും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമത്തിനും നന്ദി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിലാണ് കുവൈത്ത് വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് ഫലപ്രദമായ ചര്‍ച്ചകളാണ് നടക്കുന്നത്. അന്തിമപരിഹാര കരാറിനുള്ള സന്നദ്ധത എല്ലാ വിഭാഗവും കാണിക്കുന്നുണ്ട്. കുവൈത്ത് പ്രസ്താവനയെ ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി സ്വാഗതം ചെയ്തിട്ടുമുണ്ട്. ഉപരോധത്തിന്റെ തുടക്കം മുതല്‍ പരിഹാരശ്രമങ്ങള്ക്കായി പ്രയത്നിക്കുന്ന കുവൈത്തിെന്റ മധ്യസ്ഥതക്കും യു.എസിെന്റ യത്നത്തിനും അദ്ദേഹം നന്ദി പറഞ്ഞു.
എന്തന്നാൽ ഗള്‍ഫിലെ ജനങ്ങളുടെയും മേഖലയുടെയും സുരക്ഷിതത്വവും താല്പര്യങ്ങള്ക്കുമാണ് തങ്ങള്‍ മുഖ്യപരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനിയും കഴിഞ്ഞദിവസം പറഞ്ഞു. എന്നാല്‍ പെട്ടെന്ന് തന്നെ പരിഹാരം ഉണ്ടാകുമെന്നോ കാര്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുമെന്നോ പ്രവചിക്കാനാകില്ല. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. യു.എസും കുവൈത്തും പ്രശ്നം അവസാനിപ്പിക്കാന്‍ സജീവമായി ഇടപെടുന്നുണ്ട്.
ഒരു രാജ്യവും മറ്റൊന്നിനുമേല്‍ ഏതെങ്കിലും ആവശ്യം അടിച്ചേല്‍പ്പിക്കുന്ന തരത്തിലല്ല ഉള്ളത്. ഖത്തറില്‍നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിേന്നാ ഇത്തരം നീക്കം പാടില്ല. ഓരോ രാജ്യവും അവരവരുടെ വിദേശനയം തീരുമാനിക്കണം. മുന്‍കൂര്‍ വ്യവസ്ഥകളോ ഉപാധികളോ വെച്ചല്ലാത്ത ചര്‍ച്ചകള്‍ക്ക് ഖത്തര്‍ തയാറാണെന്ന് വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം, ഉപരോധം അവസാനിപ്പിക്കാനായി ഖത്തറും സൗദിയും ധാരണയാവുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൗദിക്കും യു.എ.ഇക്കും മുകളിലൂടെ ഖത്തര്‍ വിമാനങ്ങള്‍ക്ക് പറക്കാനുള്ള വിലക്ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവില്‍ ചര്‍ച്ചകള്‍ പ്രധാനമായും നടന്നതെന്ന് യു.എസ് അധികൃതരെ ഉദ്ധരിച്ച് ‘വാള് സ്ട്രീറ്റ് ജേണല്‍’ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ പരിഗണിക്കുന്ന പരിഹാര കരാറില്‍ യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല.
Read Also: കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിക്കാനൊരുങ്ങി എന്‍ഡിഎ
മൂന്നു വര്‍ഷത്തിലധികമായി തുടരുന്ന ഖത്തര്‍ ഉപരോധവും അതിനെ തുടര്‍ന്നുള്ള ഗള്ഫ്പ്രതിസന്ധിയും അവസാനിപ്പിക്കുന്നതിനുള്ള പ്രാഥമിക ധാരണകള്‍ക്കടുത്ത് ഇരു രാജ്യങ്ങളും എത്തിയതായി ‘അല്‍ജസീറ’യും റിപ്പോര്‍ട്ട് ചെയ്തു. ട്രംപ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുമ്പ് തന്നെ പ്രശ്നപരിഹാരം ഉണ്ടാവണമെന്നതിെന്റ അടിസ്ഥാനത്തിലാണ് യു.എസ് ഇപ്പോള്‍ നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ജാരദ് കുഷ്നര്‍ ബുധനാഴ്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും കുഷ്നര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. 2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ കര-വ്യോമ-കടല്‍ ഉപരോധം തുടങ്ങിയത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള സൂചന സൗദി അറേബ്യയും കഴിഞ്ഞയാഴ്ച നല്‍കിയിരുന്നു. അയല്‍രാജ്യമായ ഖത്തറുമായുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് സൗദി വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് അന്ന് പറഞ്ഞത്.
Post Your Comments