Latest NewsNewsInternationalUK

പുരസ്‌കാര തുകയായ എട്ടുകോടി തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം വീതിച്ച് നൽകി ഇന്ത്യൻ അധ്യാപകന്‍

ലണ്ടന്‍ : ബ്രിട്ടനില്‍ നടന്ന ഗ്ലോബല്‍ ടീച്ചേഴ്‌സ് മത്സരത്തിലെ പുരസ്‌കാര ജേതാവായ ഇന്ത്യൻ അധ്യാപകന്‍ തനിക്കൊപ്പം മത്സരിച്ചവര്‍ക്കെല്ലാം ലഭിച്ച തുക വീതിച്ച് നൽകി. രഞ്ജിത് സിംഗ് ദിസലേ എന്ന അധ്യാപകനാണ് ലഭിച്ച തുക എതിരാളികൾക്ക് കൂടി വീതിച്ച് നൽകി മാതൃകയായിരിക്കുന്നത്.

8 കോടിരൂപയാണ് സമ്മാനമായി ദിസലേക്ക് ലഭിച്ചത്. ഇതിൽ നിന്നും പകുതി തുകയായ നാലുകോടിരൂപയാണ് തനിക്കൊപ്പം മത്സരിച്ച ഒന്‍പതുപേര്‍ക്കായി വീതിച്ച് നൽകിയത്. അധ്യാപകരെന്നും പങ്കുവെയ്ക്കലിലും ദാനം ചെയ്യലിലും വിശ്വസിക്കുന്നവരാണ്. അധ്യാപകര്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന സമയമാണ്. എന്നിട്ടും തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാനാണ് എല്ലാ അധ്യാപകനും ശ്രദ്ധിക്കുക. താന്‍ നേടിയ ഈ ബഹുമതി അഞ്ചുലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും പ്രതിനിധീകരിച്ചാണെന്നും ദിസാലെ ബഹുമതി സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

ഇന്ത്യയില്‍ ഇരുന്നാണ് വെര്‍ച്വല്‍ സംവിധാനത്തിലൂടെ ദിസാലേ ബഹുമതി സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ പരീതേവാഡീ ഗ്രാമത്തിലാണ് ദിസാലേ കുട്ടികളെ പഠിപ്പിക്കുന്നത്. ഗ്രാമീണ മേഖലയിലെ വിദൂരപ്രദേശങ്ങളില്‍ താമസിക്കുന്ന യുവ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ക്കാണ് ആഗോള തലത്തില്‍ ദിസലേ സമ്മാനാര്‍ഹനാക്കിയത്. വര്‍ക്കീ ഫൗണ്ടേഷനാണ് സംഘാടകര്‍. ലണ്ടനിലെ പ്രസിദ്ധമായ ദേശീയ ചരിത്ര മ്യൂസിയത്തില്‍ വെച്ച് എഴുത്തുകാരനും ഹാസ്യകലാകാരനുമായ സ്റ്റീഫന്‍ ഫ്രൈയാണ് ബഹുമതി നല്‍കിയത്. ആഗോളതലത്തില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള 12,000 അധ്യാപകരില്‍ നിന്നാണ് വര്‍ഷത്തിലൊരിക്കല്‍ ഒരാളെ തീരുമാനിക്കുന്നത്.

shortlink

Post Your Comments


Back to top button