ബെയ്ജിംഗ് : ചൈന കോവിഡ് രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായി റിപ്പോർട്ട് . വുഹാനിൽ രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളിൽ ചൈന രോഗികളുടെ എണ്ണം കുറച്ചു കാണിക്കുകയായിരുന്നു . ഹ്യൂബി പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് ചോർന്ന രേഖകളിലാണ് ഈ വിവരങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്.
ഹുബെ പ്രവിശ്യയിലെ പ്രാദേശിക ആരോഗ്യ അതോറിറ്റികൾ പുറത്തു വിട്ട കണക്ക് പ്രകാരം ഫെബ്രുവരി 10 നുള്ളിൽ ആകെ 5,918 പുതിയ കേസുകളാണ് പുറത്തു വന്നത് . എന്നാൽ ഇതിന്റെ ഇരട്ടിയിലധികമാണ് യഥാർത്ഥ കണക്കെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇത് ചൈന ഒരിക്കലും ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് വൈറസ് ബാധയെ ചൈനീസ് സർക്കാർ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച വന്നതായി വ്യക്തമാക്കുന്നതാണ് റിപ്പോർട്ട് . കോവിഡ് വൈറസ് ഉത്ഭവം കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈന രോഗികളുടെ കണക്കുകൾ മറച്ചു വച്ചതായുള്ള രേഖകൾ പുറത്തു വന്നത് .
Post Your Comments