കൊല്ലം: തെന്‍മലയ്ക്കടുത്ത് ഉറുകുന്നില്‍ നിയന്ത്രണം വിട്ട പിക് അപ് വാന്‍ ഇടിച്ച് മൂന്നു പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം . ഉറുകുന്ന് സ്വദേശിനികളായ ശ്രുതി(13 ),ശ്രുതിയുടെ സഹോദരി ശാലിനി (18 ) കെസിയ(17 ) എന്നിവരാണ് മരിച്ചത്. ശാലിനിക്ക്അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു രണ്ടുപേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.
ഉറുകുന്ന് സ്വദേശികളായ അലക്സ് – സിന്ധു ദമ്പതികളുടെ മക്കളാണ് ശ്രുതിയും ശാലിനിയും. ഇവരുടെ അയല്‍വാസി കുഞ്ഞുമോന്റെ മകള്‍ ആണ് കെസിയ. ഇന്ന് വൈകുന്നേരം മൂന്നരയോടെ ഉറുകുന്ന് ജംഗ്ഷനില്‍ ആയിരുന്നു അപകടം. പുനലൂരില്‍ നിന്നും തമിഴ് നാട്ടിലേക്ക് പോകുകയായിരുന്ന വാഹനം മറ്റൊരു വാഹനത്തെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് പെണ്‍കുട്ടികള്‍ക്ക് മേല്‍ പാഞ്ഞു കയറുകയായിരുന്നു.
ഉറുകുന്നിലെ ബി ജെ പി സ്ഥാനാര്‍ത്ഥി അലക്സിന്റെ മക്കളാണ് ശ്രുതിയും ശാലിനിയും. ശ്രുതിയുടെയും കെസിയയുടെയും മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Post Your Comments