ന്യൂഡല്‍ഹി : രാജ്യത്തെ റിപബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി എത്തുന്നത് ഏവര്‍ക്കും സ്വീകാര്യനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേയ്ക്കും തുടര്‍ന്ന് റിപ്പബ്ലിക് ചടങ്ങിലേയ്ക്കും ക്ഷണിച്ചു. നാല് ദിവസം മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി മോദി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ് റിപബ്ലിക് ദിനത്തില്‍ അതിഥിയായി ക്ഷണിച്ചത്.
അടുത്ത വര്‍ഷം ജി7 രാജ്യങ്ങളുടെ ഉച്ചകോടി ബ്രിട്ടനിലാണ്. നരേന്ദ്ര മോദിയെ ഉച്ചകോടിയിലേക്ക് ബോറിസ് ജോണ്‍സണ്‍ ക്ഷണിക്കുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ റിപബ്ലിക് ദിനത്തില്‍ അതിഥിയായി ഏറ്റവും ഒടുവില്‍ ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി വന്നത് 1993ലാണ്. ജോണ്‍ മേജറായിരുന്നു അന്ന് ഇന്ത്യയിലെത്തിയത്.
ബ്രിട്ടീഷ് പ്രധാനമന്ത്രി റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെത്തുമെന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ബോറിസ് ജോണ്‍സണുമായി ചര്‍ച്ച നടത്തിയെന്ന് നവംബര്‍ 27ന് നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും ബന്ധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ചര്‍ച്ച. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊരോണ പ്രതിരോധം തുടങ്ങി വിഷയങ്ങളില്‍ യോജിച്ച് നീങ്ങാന്‍ ധാരണയായി എന്നും മോദി അറിയിച്ചിരുന്നു.
Post Your Comments