കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് ഏറെ കൊട്ടിഘോഷിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സംവാദം റദ്ദാക്കി ഓക്സ്ഫഡ് യൂണിയൻ. അപ്രതീക്ഷിതമായ ചില കാരണങ്ങളാലാണ് അവസാന നിമിഷം മമതയുടെ സംവാദം റദ്ദാക്കിയതെന്ന് ഓക്സ്ഫഡ് അധികൃതര്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ ഓക്സ്ഫഡിലുളള ലോകപ്രശസ്ത ഡിബേറ്റിംഗ് സൊസൈറ്റിയാണ് ഓക്സഫഡ് യൂണിയന്.
ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു മമതയുടെ അഭിസംബോധന നിശ്ചയിച്ചിരുന്നത്. എന്നാല്‍ 1.50ഓട് കൂടിയാണ് പരിപാടി റദ്ദാക്കിയതായുള്ള അറിയിപ്പ് വന്നത്. ചില സമയത്തെ സാഹചര്യങ്ങളേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്നായിരുന്നു ഓക്സ്ഫഡ് അധികൃതരില്‍ നിന്നും ലഭിച്ച സന്ദേശം. എന്നാല്‍, രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് ഓക്സ്ഫഡിന്റെ പരിപാടിയില്‍ മമതയ്ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നും നേരത്തെയും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് തൃണമൂലിന്റെ ആരോപണം.
അതേസമയം പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിൽ ഓക്സ്ഫഡ് യൂണിയന് ഡിബേറ്റില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ വനിത മുഖ്യമന്ത്രിയെന്ന നേട്ടം മമതയ്ക്ക് സ്വന്തമാകുമെന്നായിരുന്നു എന്നും തൃണമൂൽ കോണ്‍ഗ്രസ് പറയുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംവാദങ്ങള്‍ക്കായി സ്ഥാപിതമായതാണ് ഓക്സ്ഫഡ് യൂണിയന് ഡിബേറ്റിംഗ് സൊസൈറ്റി. ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, മദര്‍ തെരേസ, ദലൈലാമ, സ്റ്റീഫന്‍ ഹോക്കിംഗ് തുടങ്ങിയ പ്രമുഖര്‍ സംവാദങ്ങളില്‍ പങ്കെടുത്ത വേദി കൂടിയാണിത്.
Post Your Comments