ന്യൂഡല്‍ഹി: ഭീകരരെ നുഴഞ്ഞുകയറ്റാന്‍ ഉപയോഗിച്ച തുരങ്കത്തിന്റെ തുടക്കം കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യം പാകിസ്‌താനില്‍ കടന്നു. ജമ്മു കശ്‌മീരിലെ സാംബ മേഖലയില്‍ കണ്ടെത്തിയ തുരങ്കം പിന്തുടര്‍ന്നാണു സൈനികര്‍ പാക് അതിര്‍ത്തിക്കപ്പുറം 200 മീറ്റര്‍ ഉള്ളിലേക്കു പ്രവേശിച്ചത്. തുരങ്കത്തിന്റെ തുടക്കം കണ്ടെത്തിയതായി സൈനികവൃത്തങ്ങള്‍ വ്യക്‌തമാക്കി. കഴിഞ്ഞയാഴ്‌ച ജമ്മുവിലെ നഗ്രോട്ടയില്‍ സൈന്യം വധിച്ച പാക് ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ ഉപയോഗിച്ച തുരങ്കമാണിത്.
ആരുടെയും ശ്രദ്ധയില്‍പ്പെടാത്ത വിധം കുറ്റിക്കാടുകള്‍ക്കിടയിലൂടെ അതിവിദഗ്‌ധമായാണു തുരങ്കം നിര്‍മിച്ചിരുന്നത്. തുരങ്കമുഖം പാകിസ്‌താനിലെ കറാച്ചിയുടെ അടയാളങ്ങളുള്ള മണല്‍ച്ചാക്കുകള്‍കൊണ്ട് ബലപ്പെടുത്തിയിരുന്നു. നുഴഞ്ഞുകയറ്റത്തിനായി പുതുതായി നിര്‍മിച്ച തുരങ്കത്തിനു 150 മീറ്റര്‍ നീളമാണുണ്ടായിരുന്നതെന്നും തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെത്താന്‍ ഭീകരര്‍ക്ക് ഒരു വഴികാട്ടിയുടെ സഹായം ലഭിച്ചതായി സംശയിക്കുന്നുവെന്നും ബി.എസ്.എഫ്. ജമ്മു മേഖലാ ഐ.ജി. എന്‍.എസ്. ജംസ്വാള്‍ പറഞ്ഞു.
ഭീകരരില്‍നിന്നു പിടിച്ചെടുത്ത മൊെബെല്‍ ഫോണുകളിലെ വിവരമനുസരിച്ച് കഴിഞ്ഞ 22-നാണ് തുരങ്കമുഖം കണ്ടെത്തിയതെന്ന് അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്) ഡയറക്‌ടര്‍ ജനറല്‍ രാകേഷ് അസ്‌താന പറഞ്ഞു. ബി.എസ്.എഫ്. രൂപീകരണദിനത്തോനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.എസ്.എഫും ജമ്മു കശ്‌മീര്‍ പോലീസും സംയുക്‌തമായി നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.
പുതുതായി നിര്‍മിച്ച തുരങ്കത്തിന്റെ ആദ്യ ഉപയോഗത്തില്‍ത്തന്നെ ഭീകരരെ വകവരുത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞു. തുരങ്കത്തിന്റെ നിര്‍മാണെ വെദഗ്‌ധ്യത്തില്‍നിന്നു പാകിസ്‌താന്റെ പങ്ക് വ്യക്‌തമാണെന്നു ബി.എസ്.എഫ്. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
Post Your Comments