ബുറെവി ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാതയില്‍ കേരളവും ഉൾപ്പെട്ടിരിക്കുന്നു. നാലാം തീയതി രാവിലെ ചുഴലിക്കാറ്റ് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെ കടന്നുപോകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. കേരളവും തമിഴ്നാടും അതീവ ജാഗ്രതയിലാണ് ഉള്ളത്. ശക്തമായ മഴയും കാറ്റും മുന്നില്‍കണ്ട് മുന്‍കരുതല്‍ നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നൽകിയിരിക്കുകയാണ്.
ബുറെവി ചുഴലിക്കാറ്റിന്‍റെ പാത തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കിടയിലൂടെയാണെന്നാണ് കാലാവസ്ഥാ വകുപ്പ് ഒടുവില്‍ പുറത്തുവിട്ട മാപ്പ് സൂചിപ്പിക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശ്രീലങ്കന്‍തീരത്തു നിന്ന് ചുഴലിക്കാറ്റ് തൂത്തുക്കുടിക്കടുത്തുകൂടി തമിഴ്നാട്ടിലേക്കെത്തും. തിരുനെല്‍വേലിക്ക് അടുത്തുകൂടി നീങ്ങി അത് തെന്‍മല, പുനലൂര്‍ഭാഗത്തുകൂടി കേരളത്തിലേക്ക് നീങ്ങാനാണ് സാധ്യത ഉള്ളത്.
ഇപ്പോഴുള്ള കാലാവസ്ഥാ മുന്നറിയിപ്പനുസരിച്ച് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും അതിശക്തമായ മഴക്കും സാധ്യതയുണ്ട്. വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും ഇടയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ അതീവ പ്രക്ഷുബ്ധമാണ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച രാത്രിവരെ അതീവ ജാഗ്രത പുലര്‍ത്താനാണ് കാലാവസ്ഥാ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments