Latest NewsKeralaNews

ബുറെവി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യത

 

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പ്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് വെള്ളപ്പൊക്കത്തിന് സാധ്യത. കേന്ദ്രജലക്കമ്മീഷന്റെതാണ് മുന്നറിയിപ്പ്. നാളെ രാവിലെ പതിനൊന്നരവരെയാണ് മുന്നറിയിപ്പ്. ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും.തെക്കന്‍ കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ ജില്ലകളിലെ 48 വില്ലേജുകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

Read Also : ബുറേവി , തിരുവനന്തപുരത്ത് അതീവ ജാഗ്രത : എന്‍ ഡി ആര്‍ എഫ് സംഘമെത്തി

ഇപ്പോള്‍ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും, കന്യാകുമാരിക്ക് 700 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 11 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. അടുത്ത 12 മണിക്കൂറിനകം കാറ്റിന്റെ ശക്തി വര്‍ധിക്കും. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ നീങ്ങും. ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ശ്രീലങ്കന്‍ തീരം കടക്കും. മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയാകും അപ്പോള്‍ കാറ്റിനുണ്ടാകുക.

ചുഴലിക്കാറ്റ് നാളെ കന്യാകുമാരിയിലെത്തും. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ചുഴലിക്കാറ്റ് കേരളതീരത്തെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിച്ചു. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

ഡിസംബര്‍ 2 ന് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 3 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button