കണ്ണൂർ: പട്ടുവം ഗ്രാമപഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാർത്ഥിയോട് സി പി എം നേതാവ് വാടക വീടൊഴിയാൻ ആവശ്യപ്പെട്ടെന്ന് ആരോപണം. പട്ടുവം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡായ മുറിയാത്തോടെ യു ഡി എഫ് സ്ഥാനാർത്ഥി സ്റ്റെല്ല ഡൊമിനിക്കും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൂവോട് പി എച്ച് സിക്ക് സമീപം സി പി എം ലോക്കൽ സെക്രട്ടറി വി വി ജയന്‍റെ വീട്ടിലായിരുന്നു സ്റ്റെല്ലയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്. സ്റ്റെല്ലാ സ്ഥാനാർത്ഥിയായി മത്സരരംഗത്ത് ഇറങ്ങിയതോടെ വീടൊഴിയാൻ ഉടമസ്ഥൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതേസമയംപരാതി കെട്ടിച്ചമച്ചതാണെന്ന് വീട്ടുടമസ്ഥൻ വ്യക്തമാക്കി.
ജനുവരിയിൽ ഒഴിയാം എന്ന ഉറപ്പിന്മേലാണ് വീട് വാടകയ്ക്ക് നൽകിയതെന്നും സംസ്ഥാനത്തിന് പുറത്തുള്ള സഹോദരി മടങ്ങി വരുമ്പോൾ ക്വാറന്റീനിൽ താമസിക്കാൻ സൗകര്യമൊരുക്കാനാണ് ജനുവരിയിൽ വീട് ഒഴിയണം എന്ന ധാരണ നേരത്തെ ഉണ്ടാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സാഹചര്യം മുതലെടുത്ത് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്നും സി പി എം നേതാവ് കൂടിയായ വീട്ടുടമസ്ഥൻ പറഞ്ഞു.
അതേസമയം വാടക വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥാനാർത്ഥിക്കും കുടുംബത്തിനും മറ്റൊരു വീട് ഏർപ്പാട് ചെയ്തതായി യു ഡി എഫ് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവുമായി സ്റ്റെല്ല മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.
Post Your Comments