ഗുവാഹത്തി: യു.പിയിലെ ലവ് ജിഹാദിന് പിന്നാലെ അസമില്‍ പുതിയ നിയമനിർമാണത്തിനൊരുങ്ങി ബിജെപി സർക്കാർ. വിവാഹത്തിന് ഒരുമാസം മുമ്പ് ഔദ്യോഗിക രേഖയില്‍ മതവും വരുമാനവും വെളിപ്പെടുത്തണമെന്ന നിയമമാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ ലവ് ജിഹാദ് നിയമം നടപ്പാക്കുമ്പോഴാണ് വേറിട്ടനിയമം നടപ്പാക്കാന്‍ അസം സര്‍ക്കാറിന്റെ ഒരുക്കം.
സഹോദരിമാരെ ശാക്തീകരിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. അസമില്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനാരിക്കെയാണ് ബി.ജെ.പി നീക്കം. തെരഞ്ഞെടുപ്പില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം. ഉത്തര്‍പ്രദേശിലെയും മധ്യപ്രദേശിലെയും നിയമങ്ങള്‍പോലെയല്ല അസമിലെ നിയമം, എന്നാല്‍ സമാനതകള്‍ ഉണ്ടാകുമെന്ന് മന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.
Read Also: വിവി രാജേഷിനെ അയോഗ്യനാക്കില്ല; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസം
‘അസമിലെ നിയമം ‘ലവ് ജിഹാദിന്’ എതിരെയല്ല. ഇതില്‍ എല്ലാ മതങ്ങളും ഉള്‍പ്പെടുകയും സുതാര്യതയിലൂടെ സഹോദരിമാരെ ശാക്തീകരിക്കുകയും ചെയ്യും. മതം മാത്രം വെളുപ്പെടുത്തിയാല്‍ പോര, വരുമാന സ്രോതസും വെളിപ്പെടുത്തണം. കുടുംബത്തിന്റെ പൂര്‍ണവിവരങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയവയും. ഒരേ മതക്കാര്‍ തമ്മിലുള്ള വിവാഹങ്ങളില്‍ പോലും പലപ്പോഴും പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന് പിന്നീടാണ് തിരിച്ചറിയുക’ -അദ്ദേഹം പറഞ്ഞു.
വിവാഹിതരാകാന്‍ ഒരുങ്ങുന്നവര്‍ ഒരു മാസം മുമ്പ് വരുമാനം, ജോലി, സ്ഥിര മേല്‍വിലാസം, മതം തുടങ്ങിയവ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഫോമില്‍ രേഖപ്പെടുത്തി നല്‍കണം. ഇതിന് തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുദിവസം മുമ്പ് യു.പി സര്‍ക്കാര്‍ ലവ് ജിഹാദ് തടയുന്നതിനായി പുതിയ നിയമം കൊണ്ടുവന്നിരുന്നു. വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം ഇനി കുറ്റകരമാകും. നിര്‍ബന്ധിത മതംമാറ്റവും യു.പിയില്‍ കുറ്റകരമായി കണക്കാക്കും.
Post Your Comments