Latest NewsArticleKeralaNewsWriters' Corner

ഈ കളി തുടങ്ങിയത് ആര്? പോർക്കളത്തിൽ ഒറ്റപ്പെട്ട് മുഖ്യൻ; അപകടം മണത്ത് പിണറായി വിജയൻ

സർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ സർക്കാരിന്റെ തന്നെ വിജിലൻസ് നടത്തിയ പരിശോധന അപ്രതീക്ഷിതമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൊടുംപിരി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ വിജിലൻസിന്റെ ഈ റെയ്ഡ് സർക്കാരിനെ വെട്ടിലാക്കി.

സർക്കാരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾക്കിടെയാണ് വിജിലൻസിന്റെ പുതിയ പരിശോധനയെന്നതും അമ്പരപ്പിക്കുന്ന വിഷയമാണ്. അന്വേഷണങ്ങൾ കൊണ്ട് വലഞ്ഞിരിക്കുകയാണ് സർക്കാർ. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് സി.പി.എം ചര്‍ച്ചചെയ്യുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.

കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നിൽ പിണറായി വിജയനാണെന്നാണ് പരക്കെയുള്ള ആരോപണം. മുഖ്യമന്ത്രിയുമായി അടുപ്പമുള്ളയാളാണ് പരാതിക്കാരനെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി അറിയാതെ കെ.എസ്.എഫ്.ഇ പോലൊരു സ്ഥാപനത്തിൽ വിജിലൻസ് പരിശോധന നടത്തില്ലെന്ന് സി പി എം നേതാക്കളും പരസ്യമായി അറിയിച്ച് കഴിഞ്ഞു. ഇതോടെ ധനമന്ത്രിക്കെതിരെയാണ് മുഖ്യനെന്ന് വ്യക്തമാകുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താതെ ഇത്തരം നീക്കത്തിലേക്ക് കടക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെയും അഭിപ്രായങ്ങൾ വിരൽച്ചൂണ്ടുന്നത്. റെയ്ഡ് ചെയ്യാനുള്ളത് ആരുടെ വട്ടാണെന്നായിരുന്നു വിഷയത്തോട് തോമസ് ഐസക് രൂക്ഷമായി വിമർശിച്ചത്. റെയ്ഡ് ചെയ്യുമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ, ധനമന്ത്രിയെ ഇക്കാര്യം അറിയിച്ചില്ല എന്നും വേണം കരുതാൻ.

ധനമന്ത്രിയും മുഖ്യനും നേരത്തേ തന്നെ അത്ര സ്വരച്ചേർച്ചയിലല്ല. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ വച്ചത് മുതല്‍ ഐസക് – പിണറായി പോര് തുടങ്ങിയിരുന്നു. വി എസ് – പിണറായി പോരിന് സമാനമായിരുന്നു ഇതും. തുടക്കമിട്ടത് പിണറായി തന്നെ. അവസരം കിട്ടിയപ്പോൾ ധനമന്ത്രിയും വടിയെടുത്തു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെ അദ്ദേഹത്തിനെതിരെ പാളയത്തിൽ പടയൊരുക്കത്തിനു തുടക്കം കുറിച്ചത് തോമസ് ഐസക് ആണെന്നാണ് പാർട്ടിക്കുള്ളിൽ തന്നെയുള്ള അടക്കംപറച്ചിൽ. എന്നാൽ, ഇതെല്ലാമാകാം ഇത്തരത്തിൽ പരസ്യമായ ഒരു മത്സരത്തിലേക്ക് മുഖ്യമന്ത്രിയെ നയിച്ചതെന്നാണ് ഏവരും കരുതുന്നത്.

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കാൻ ആളില്ലാതായി. മുഖ്യന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് തന്നെയയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പറയാതെ വയ്യ. പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. തനിക്കെതിരെ നടക്കുന്ന കളികളെല്ലാം മുഖ്യനും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാൻ. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരം പോരുകൾ ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button