മനാമ : തുടർച്ചയായ രണ്ട് അപകടങ്ങൾ കണ്ട ഫോർമുല വൺ ബഹ്‌റൈൻ ഗ്രാന് പ്രീ കാറോട്ട മത്സരത്തില് മെഴ്സിഡസ് ഡ്രൈവറും ഏഴു തവണ ലോക ചാംബ്യനുമായ ലൂയിസ് ഹാമിൾട്ടന് ജയം. സഖൈറിലെ ഇന്റർനാഷണൽ സർക്യൂട്ടിൽ ഞായറാഴ്ച രാത്രി നടന്ന ഗ്രാന് പ്രീയില് 44 ലാപ്പില് രണ്ടു മണിക്കൂര് 59 മിനിറ്റ് 47 സെക്കന്റിലാണ് 35 കാരനായ ഹാമിൾട്ടൻ മെര്സിഡ്സിനെ വിജയ തീരത്തടുപ്പിച്ചത്. ഹാമില്ട്ടണ് 25 പോയിന്റുണ്ട്.
ഹാമില്ട്ടന്റെ ഈ സീസണിലെ 11ാം ജയമാണിത്. റെഡ് ബുള്ളിന്റ ഡ്രൈവര് മാക്സ് വെസ്റ്റാപ്പെന് (19 പോയിന്റ്) ആണ് റണ്ണർ അപ്പ്.റെഡ് ബുള്ളിന്റെ തന്നെ അലക്സാണ്ടര് ആല്ബോണ് (15 പോയിന്റ്) മൂന്നാം സ്ഥാനത്തെത്തി.
ഗ്രാന് പ്രീ ഫെനല് തുടക്കത്തില് തന്നെ രണ്ട് അപകടങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മത്സരം ആരംഭിച്ച് ആദ്യ ലാപില് ഫ്രാന്സ് കമ്പനിയായ ഹാസിന്റെ റൊമാന് ഗ്രോഷോന് ഓടിച്ച കാര് വേലിയില് ഇടിച്ച് രണ്ടായി പിളർന്ന് തീപിടിച്ചു. കാറിന്റെ ഒരു ഭാഗം വേലിതകർത്ത് പുറത്തേക്ക് പോയി. ഗ്രിഡില് 19ാമതായി ഇറങ്ങിയ ഗ്രോഷോന്റെ കാർ ട്രാക്കില് എതിര്ഭാഗത്തേക്ക് മാറി ഡാനില് കിവ്യാട്ടിന്റെ ആല്ഫാ ടോറിയില് തട്ടി വേലിയില് ഇടിക്കുകയായിരുന്നു. നിറയെ ഇന്ധനമുണ്ടായിരുന്ന കാര് അടുത്ത നിമിഷം തന്നെ വന് അഗ്നി ഗോളമായി മാറി. 34 കാരനായ റൊമാന് ഗ്രോഷോന് അദ്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ഗ്രോഷോന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇതേത്തുടർന്ന് മത്സരം നിര്ത്തിവെച്ചു.
ഒരു മണിക്കൂറിലേറെ വൈകി മത്സരം പുനരാരംഭിച്ചതോടെ വീണ്ടും അപകടം ഉണ്ടായി. കാനഡ ഡ്രൈവറായ ലാന്സ് സ്ട്രോളന്റെ കാര് തലകീഴായി മറിയുകയായിരുന്നു. ഇത്തവണയും ഡാനില് കിവ്യാട്ടിന്റെ ആല്ഫാ ടോറിയില് തട്ടിയാണ് അപകടം. സ്ട്രോള് പരിക്കില്ലാതെ രക്ഷപ്പെട്ടു.
രണ്ട് അപകടങ്ങള് കാരണം ഏതാണ്ട് രണ്ടു മണിക്കൂറോളമാണ് മത്സരം വൈകിയത്. തുടര്ന്ന് വളരെ ശ്രദ്ധയോടെയാണ് മത്സരം പുനരാരംഭിച്ചത്.
ഷുമാക്കറെ പോലെ ഹാമിൽട്ടണും ഏഴുതവണ ലോക ഡ്രൈവര് ചാമ്ബ്യൻ പട്ടം കരസ്ഥമാക്കി. ഫോര്മുല വണ്ണില് ഏറ്റവും കൂടുതല് വിജയങ്ങള് ഹാമിൽട്ടന്റെ പേരിലാണ്.
Post Your Comments