
കൊല്ലം: ആശയുടെ മരണം ആട് ഇടിച്ചിതനെ തുടര്‍ന്നല്ല, ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതാണ് ഓയൂരില്‍ യുവതി കൊല്ലപ്പെടാന്‍ കാരണമെന്ന് പൊലീസ്. കഴിഞ്ഞ നാലിനാണ് കരിക്കം അഭിലാഷ് ഭവനില്‍ ജോര്‍ജ്ജ് – ശോഭ ദമ്പതികളുടെ മകളായ ആശ(29) ഭര്‍ത്താവിന്റെ ചവിട്ടേറ്റ് മരിച്ചത്. ഭര്‍ത്താവിന് അടുത്തുള്ള ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് അറിഞ്ഞ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കിനെ തുടര്‍ന്നുള്ള മര്‍ദ്ദനത്തിലാണ് മരിക്കുന്നത്. ആശയുടെ ഭര്‍ത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ ദാസി(36) നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Read Also : കൂടത്തായി ജോളിക്ക് കിട്ടാനുള്ളത് 30 ലക്ഷം : അന്വേഷണം റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്
സ്ഥിരം മദ്യപാനിയായ അരുണ്‍ മിക്കപ്പോഴും വീട്ടിലെത്തി ഭാര്യയുമായി വഴക്കിടുന്നത് പതിവാണ്. കഴിഞ്ഞ 31 ന് മദ്യപിച്ചെത്തിയ അരുണ്‍ ആശയുമായി വഴക്കിട്ടു. ഇതിനിടെ ആശയെ വയറ്റില്‍ ചവിട്ടുകയായിരുന്നു. ചവിട്ടേറ്റ് ആശ ബോധരഹിതയായി. തുടര്‍ന്ന് അരുണ്‍ തന്നെ ആശയെ ഓടനാവട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടു പോയി. ആടിനെ തീറ്റാനായി പോയപ്പോള്‍ പാറയുടെ മുകളില്‍ നിന്നും ആട് ഇടിച്ചതിനെ തുടര്‍ന്ന് താഴെ വീണ് പരിക്കേറ്റതാണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം വിട്ടയച്ച ആശയ്ക്ക് അടുത്ത ദിവസവും കടുത്ത വയറു വേദന തുടര്‍ന്നു. ഇതോടെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചു. സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അരുണ്‍ ദാസ് അതിന് തയ്യാറാകാതെ ആശയെ തിരികെ വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.
വേദന കൂടിക്കൂടി വന്നതിനെ തുടര്‍ന്ന് ആശ തന്റെ മാതാപിതാക്കളെ വിവരമറിയിക്കുകയും അവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോയി. അവിടെ നടത്തിയ സ്കാനിങ്ങിലാണ് കുടല് പൊട്ടിയ വിവരം അറിയുന്നത്. എത്രയും വേഗം വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും അറിയിച്ചു. അങ്ങനെ മീയ്യണ്ണൂരിലെ അസീസിയ മെഡിക്കല്‍ കോളേജിലെത്തിക്കുകയും അടിയന്തിരമായി ശസ്ത്രക്രിയ നത്തുകയും ചെയ്തു. എന്നാല്‍ ആശ നാലിന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിന് ശേഷം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ തോന്നിയ സംശയമാണ് പൂയപ്പള്ളി പൊലീസ് കൊലപാതകത്തിലേക്ക് കേസ് എത്തിച്ചത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ മൃതദേഹത്തില്‍ 7 പാടുകളാണ് കണ്ടെത്തിയത്. ഒരെണ്ണം മരണത്തിന് കാരണമായ പരിക്കും മറ്റ് ആറെണ്ണം ഏറെ മുന്‍പുണ്ടായ മുറിവുകള്‍ കരിഞ്ഞതിന്റെ പാടുകളുമായിരുന്നു. ആട് ഇടിച്ചതിനെ തുടര്‍ന്ന് വീടിനടുത്തുള്ള പാറയുടെ മുകളില്‍ നിന്നും വീണതാണ് അപകടകാരണമായി ഭര്‍ത്താവ് പറഞ്ഞിരുന്നത്. അങ്ങനെയെങ്കില്‍ ശരീരത്തില്‍ മറ്റെവിടെയെങ്കിലും മുറിവുകളോ ചതവുകളോ ഉണ്ടാവേണ്ടതാണ്. എന്നാല്‍ അത്തരത്തില്‍ യാതൊന്നും മൃതദേഹത്തില്‍ കണ്ടില്ല. തുടര്‍ന്ന് പൊലീസ് അപകടമല്ല എന്ന് പ്രാഥമിക നിഗമനത്തിലെത്തി. പിന്നീട് ഐ.പി.സി 302 പ്രകാരം കേസ് ചാര്‍ജ്ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തില്‍ ഇരുവരുടെയും മക്കളായ ഒന്‍പത് വയസ്സുള്ള അല്ബാനോടും ഏഴ് വയസ്സുള്ള അലനോടും വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അരുണ്‍ദാസ് പറഞ്ഞിരുന്ന മൊഴി തന്നെയാണ് ആവര്‍ത്തിച്ചത്. പിന്നീട് ആശയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോള്‍ അവരും ആട് ഇടിച്ച കഥ തന്നെയാണ് ആവര്‍ത്തിച്ചത്. എന്നാല്‍ കുട്ടികള്‍ പറഞ്ഞ ചില കാര്യങ്ങളും മാതാപിതാക്കളുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കിടാറുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പിന്നീട് കുട്ടികളെ പ്രത്യേകം മാറ്റി നിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ അപകടം ഉണ്ടായി എന്ന് പറയുന്ന ദിവസം ആശയും അരുണും തമ്മില്‍ വഴക്കുണ്ടായതും മര്‍ദ്ദനം നടന്നതും തുറന്നു പറഞ്ഞു. പിതാവ് പറഞ്ഞിട്ടാണ് ആട് ഇടിച്ചകഥ പറഞ്ഞതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് അരുണ്‍ ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്ത് വന്നത്.
Post Your Comments