
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്നാകും ഇനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുക? ഇടതുമുന്നണിയെയും ഭരണ നേതൃത്വത്തെയും ഇപ്പോൾ കുഴയ്ക്കുന്ന പ്രശ്നം ഇതാണ്. എന്നാൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ ഒന്നാം ഘട്ടം ഡിസംബർ 8 ന് ആരംഭിക്കുകയാണ്. നാല് മുതൽ ഏഴ് വരെയുള്ള ഏതെങ്കിലും ദിവസം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് ഇഡി ആലോചിക്കുന്നത്.
അതേസമയം ഒന്നാം തീയതിയാണ് ഇതിനുളള പുതിയ നോട്ടീസ് അയയ്ക്കുക. തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ചോദ്യം ചെയ്യൽ വരുന്നത് ഇടതു മുന്നണിയെ വെട്ടിലാക്കും. ചോദ്യം ചെയ്യലിലെ വിവരങ്ങൾ പുറത്തറിയുന്നത് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനും സാധ്യതയുണ്ട്. ഇത് യുഡിഎഫും ബിജെപിയും സർക്കാറിനെതിരെ ആയുധമാക്കുകയും ചെയ്യും.
Read Also: സി എം രവീന്ദ്രന് ഇഡി ചൊവ്വാഴ്ച നോട്ടീസ് നൽകും
തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുന്നതിലെ അപകടം പിന്നീടാണ് ഇടതുമുന്നണി നേതൃത്വം മണത്തറിഞ്ഞത്. ഈ മാസം 6 ന് ഹാജരാകാനായിരുന്നു രവീന്ദ്രന് ആദ്യം നോട്ടീസ് അയച്ചത്. അന്ന് കോവിഡാണെന്ന് അറിയിച്ചു കൊണ്ട് ചോദ്യം ചെയ്യലിൽ നിന്ന് മാറി നിന്നു. പിന്നീട് 26 ന് ഹാജരാകാൻ നോട്ടീസ് നൽകി. അന്ന് കോവിഡാനന്തര രോഗങ്ങളുടെ പേരു പറഞ്ഞ് വീണ്ടും ഒഴിഞ്ഞുമാറി. ഇതിനെ തുടർന്ന് ഉടനെ ആശുപത്രി വിടാനും ചോദ്യം ചെയ്യലിന് വിധേയനാകാനും പാർട്ടി നിർദ്ദേശം നൽകി.
എന്നാൽ ചോദ്യം ചെയ്യൽ ഏതാനും ദിവസം കഴിഞ്ഞു മതി എന്ന നിലപാടിലായി ഇഡി. രവീന്ദ്രനെ സംബന്ധിച്ച കുറച്ചു വിവരങ്ങൾ കൂടി ലഭിക്കാനുണ്ടെന്നാണ് ഇതിന് ഇഡി നൽകുന്ന വിശദീകരണം. ഫലത്തിൽ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപിലാകും ചോദ്യം ചെയ്യൽ. ആദ്യം അനുവദിച്ച ദിവസങ്ങളിൽ ഹാജരാകാതിരുന്നതിൻ്റെ അപകടം വൈകിയാണ് ഇടത് മുന്നണിക്ക് ബോധ്യമായത്. ആദ്യം നൽകിയ അവസരങ്ങൾ ഉപയോഗിക്കാതിരുന്നതിനാൽ ഇഡി രാഷ്ട്രീയം കളിയ്ക്കുകയാണെന്ന് ആരോപിക്കാനും കഴിയില്ല.
Post Your Comments