COVID 19Latest NewsNewsIndia

ഈ ശീലം നിങ്ങളില്‍ ഉണ്ടാക്കുന്നത് കോവിഡ് ബാധയിലേതിന് സമാനമായ പ്രശ്‌നങ്ങള്‍

മൂന്ന് കൗമാരക്കാരിലെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട കേസ് സ്റ്റഡി വിശകലനം ചെയ്തപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയത്

കോവിഡ് -19 സമാനമായ പ്രശ്‌നങ്ങളാണ് ഇ-സിഗരറ്റ് വലിക്കുമ്പോഴും (വേപിംഗ് ) ഉണ്ടാകുന്നതെന്ന് പഠന ഫലം. കോവിഡ് -19 കാരണമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പരിക്കുകളും അതിന്റെ സ്വഭാവവും ഇ-സിഗരറ്റ് വലിക്കുമ്പോഴും ഉണ്ടാകുന്നതായി സേജ് ഓപ്പണ്‍ മെഡിക്കല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. മൂന്ന് കൗമാരക്കാരിലെ രോഗാവസ്ഥയുമായി ബന്ധപ്പെട്ട കേസ് സ്റ്റഡി വിശകലനം ചെയ്തപ്പോഴാണ് ഈ നിഗമനത്തില്‍ എത്തിയത്.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഡേവിസ് (യുസി ഡേവിസ്) ഹെല്‍ത്തില്‍ ശ്വസന പ്രശ്‌നങ്ങളുമായി വന്ന മൂന്ന് കൗമാരക്കാരുടെ ഒരു കേസ് സീരീസ് ആണ് പരിശോധിച്ചത്. ഇവര്‍ക്ക് കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും അവരുടെ ഇ-സിഗരറ്റ് ഉപയോഗ ശീലം പ്രശ്‌നങ്ങളുണ്ടാക്കിയതായി പഠനത്തില്‍ പറയുന്നു. ഇ-സിഗരറ്റ്, അല്ലെങ്കില്‍ വാപ്പിംഗ്, ഉല്‍പ്പന്ന ഉപയോഗവുമായി ബന്ധപ്പെട്ട ശ്വാസകോശ പരിക്കുകളെക്കുറിച്ച് പരാമര്‍ശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവാലി (EVALI) എന്ന ചുരുക്കെഴുത്താണ് ഉപയോഗിക്കുന്നത്. പനി, ചുമ, ഓക്കാനം, വയറുവേദന, വയറിളക്കം എന്നിവയാണ് കോവിഡ് -19 നും ഇവാലിക്കുമുള്ള പൊതു ലക്ഷണങ്ങള്‍.

കോവിഡ് മഹാമാരി കാരണം ഇവാലി രോഗനിര്‍ണയം അവഗണിക്കപ്പെട്ടു പോവാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഇവാലിയും കോവിഡും നിരവധി ലക്ഷണങ്ങളില്‍ സമാനമാണെങ്കിലും വളരെ വ്യത്യസ്തമായ ചികിത്സാ രീതികളാണ് രണ്ടിനുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പഠനത്തില്‍ പറയുന്ന കേസ് സീരീസില്‍, രോഗികള്‍ പനി, ഓക്കാനം, ചുമ എന്നീ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നു. വേഗത്തിലുള്ള ഹൃദയമിടിപ്പ്, വേഗത്തിലുള്ള ശ്വസനം, രക്തത്തില്‍
ഓക്‌സിജന്റെ അളവ് കുറവ് എന്നിവ അവര്‍ക്കുണ്ടായിരുന്നു. അവരുടെ പരിശോധനാ ഫലങ്ങള്‍ കോവിഡ് -19 ല്‍ സാധാരണയായി കാണപ്പെടുന്ന ഇന്‍ഫ്‌ളമേഷന് സമാനമായിരുന്നു. പക്ഷേ അവരുടെ സാര്‍സ് കോവി-2 പരിശോധന നെഗറ്റീവ് ആയി.

തുടര്‍ന്ന് അടുത്തിടെയുള്ള ഇ-സിഗരറ്റ് വലിച്ചെന്ന് രോഗികള്‍ പറഞ്ഞു. ഇതോടെ ഡോക്ടര്‍മാര്‍ക്ക് ഇവാലി രോഗ നിര്‍ണ്ണയത്തിനും കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ ഉപയോഗിച്ച് അവരെ ചികിത്സിക്കാനും സാധിച്ചു. കോവിഡ് വ്യാപന സമയത്ത് ഇ-സിഗരറ്റ് ഉപയോഗവും മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും ഈ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. 1,018 രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അതില്‍ 542 പേര്‍ പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇ-സിഗരറ്റ് ഉപയോഗിക്കുകയോ അല്ലെങ്കില്‍ കഞ്ചാവ്, പുകയില, മദ്യം എന്നിവയിലേതെങ്കിലും ഉപയോഗിക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button