അഹമ്മദാബാദ് : കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ വിതരണ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. കോവിഡ് വാക്സിന്‍ നിര്‍മ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്. രാവിലെ 10 മണിയോടെ അഹമ്മദാബാദിലെ സൈഡസ് ബയോടെക് പാര്‍ക്കിലെത്തിയ പ്രധാനമന്ത്രി സൈക്കോവ്-ഡി വാക്സിന്‍ ഗവേഷണ പുരോഗതി നേരിട്ട് വിലയിരുത്തി.
അഹമ്മദാബാദിലെ വാക്സിന്‍ പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രധാനമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൈദരാബാദിലെത്തി ഭാരത് ബയോടെക്കില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വൈകിട്ട് 4നും 5നും ഇടയില്‍ പ്രധാനമന്ത്രി ഭാരത് ബയോടെക്കിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് സൈബെറാബാദ് പൊലീസ് കമ്മിഷണര്‍ വി സി സജ്ജനാര്‍ പറഞ്ഞു.
അഹമ്മദാബാദ് നഗരത്തിന് സമീപമായുളള ചാങ്കോദര്‍ വ്യാവസായിക മേഖലയിലാണ് സൈഡസ് കാഡിലയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. തങ്ങളുടെ കോവിഡ് പ്രതിരോധ വാക്സിനായ സികോവ്-ഡിയുടെ ഒന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായെന്നും ഓഗസ്റ്റില്‍ രണ്ടാംഘട്ട ട്രയലുകള്‍ ആരംഭിച്ചതായും സൈഡസ് കാഡില അധികൃതര്‍ അറിയിച്ചിരുന്നു.
Post Your Comments