ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ക്കാര്‍ നിര്‍ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്‍ ഉടന്‍ ചര്‍ച്ച നടത്താം. പ്രക്ഷോഭം നടത്താന്‍ പൊലീസ് സൗകര്യം നല്‍കും. കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.
ഡിസംബർ 3ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ വിളിച്ച യോഗത്തിൽ അവരുടെ എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാണ്, അവരുടെ എല്ലാ ആശങ്കകളും ആവശ്യങ്ങളും കേൾക്കുമെന്നും അമിത് ഷാ പറഞ്ഞു. ഈ തണുപ്പത്ത് ദേശീയപാതയില്‍ പല സ്ഥലങ്ങളിലും ട്രാക്ടറുകളിലും മറ്റുമാണ് കര്‍ഷകര്‍ കഴിയുന്നത്. കര്‍ഷകരെ മറ്റൊരിടത്തേക്ക് മാറ്റാന്‍ ഡല്‍ഹി പോലീസ് തയ്യാറാണ്. ദയവായി അവിടേക്ക് പോകൂ. അവിടെ പരിപാടികള്‍ സംഘടിപ്പിക്കാന്‍ നിങ്ങള്‍ക്ക് പോലീസ് അനുമതി നല്‍കും, അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് ഇവര്‍. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
Post Your Comments