ഭോപ്പാൽ: മധ്യപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയ ഭർത്താവ് പോലീസ് പിടിയിൽ. ഭോപ്പാൽ സ്വദേശി മുഹമ്മദ് ഒസാമയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആൺകുട്ടികൾക്ക് ജന്മം നൽകുന്നില്ലെന്നാരോപിച്ചാണ് യുവതിയെ ഒസാമ മൊഴി ചൊല്ലിയത്. 29 കാരിയായ യുവതിയുടെ പരാതിയെ തുടർന്നാണ് നടപടി എടുത്തത്.
എട്ട് വർഷങ്ങൾക്ക് മുൻപാണ് യുവതിയും ഒസാമയുമായുള്ള വിവാഹം നടന്നത്. ഇരുവർക്കും മൂന്ന് പെൺകുട്ടികളാണുള്ളത്. പെൺമക്കളെ പ്രസിക്കുന്നതിന്റെ പേരിൽ ഒസാമ യുവതിയെ ഉപദ്രവിക്കാറുണ്ടെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പിതാവ് മുഹമ്മദ് താഹിറിന്റെ പിന്തുണയോടെയാണ് ഒസാമ യുവതിയെ മൊഴി ചൊല്ലിയത്. ഒസാമയെ മറ്റൊരു പെൺകുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് മുഹമ്മദ് താഹിറിന്റെ ശ്രമമെന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു.
രണ്ടാമതും പെൺകുഞ്ഞ് ഉണ്ടായതിന് ശേഷമാണ് ഒസാമ ഉപദ്രവം തുടങ്ങിയതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മൂന്നാമതും പെൺകുഞ്ഞ് ജനിച്ചതോടെ ഉപദ്രവം കൂടി. ഇതിനിടെ കഴിഞ്ഞ ദിവസം ഒസാമ യുവതിയോട് കുഞ്ഞുങ്ങളുമായി വീട്ടിൽ നിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. എതിർത്തതോടെ മൊഴി ചൊല്ലുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, 2019 ലെ മുസ്ലീം സ്ത്രീകളുടെ സംരക്ഷണ നിയമത്തിലെയും വിവിധ വകുപ്പുകൾ ചുമത്തിയാണ് ഒസാമയെ അറസ്റ്റ് ചെയ്തത്.
Post Your Comments