ഡല്‍ഹി : ലോക് നായക് ആശുപത്രിയിലെ കാഷ്വാലിറ്റി വാര്‍ഡില്‍ ഡോക്ടറായി ആള്‍മാറാട്ടം നടത്തി ഡ്യൂട്ടി നിര്‍വഹിച്ചതിന് ആശുപത്രി ജീവനക്കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. റാഷിദ് ഖാനെ ആണ് അറസ്റ്റ് ചെയ്തത്. ആള്‍മാറാട്ടം നടത്താന്‍ പ്രതിക്ക് റസിഡന്റ് ഡോക്ടര്‍ പണം നല്‍കിയെന്നും പോലീസ് കണ്ടെത്തി.
റസിഡന്റ് ഡോക്ടര്‍ ആണ് ആശുപത്രിയില്‍ തനിക്ക് പകരം ഖാനെ അയച്ചതെന്നും മുഖം മറയ്ക്കാന്‍ ഖാന്‍ മാസ്‌ക് ധരിച്ചതായും പോലീസ് പറഞ്ഞു. മുമ്പ് ഒരു ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ രോഗികളെ കൈകാര്യം ചെയ്യുന്നതിന്റെ അടിസ്ഥാനകാര്യങ്ങള്‍ അദ്ദേഹത്തിന് അറിയാമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
”ഖാന്‍ എല്ലാ ദിവസവും ആശുപത്രിയില്‍ വന്ന് രോഗികളെ പരിചരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. അദ്ദേഹം ഡോക്ടറുടെ ഐഡി ഉപയോഗിച്ചിരുന്നു. എല്ലാ ദിവസവും ആശുപത്രിയില്‍ വരാന്‍ തനിക്ക് പണം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു” – പോലീസ് പറഞ്ഞു.
ഖാനെതിരെ ഐപി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഡോക്ടറുടെ പങ്ക് കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തുകയാണ്. ലോക് നായക് ഹോസ്പിറ്റലിനെ ഈ വര്‍ഷം ആദ്യം കോവിഡ് -19 സെന്റര്‍ ആക്കി മാറ്റിയിരുന്നു. ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന ഏറ്റവും വലിയ കോവിഡ് -19 സെന്ററില്‍ ഒന്നാണ് ഇത്.
Post Your Comments