KeralaLatest News

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച എഎസ്‌ഐ ഗോപകുമാറിന് സസ്‌പെന്‍ഷന്‍

ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ സാന്നിദ്ധ്യത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടപടി. എഎസ്‌ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പിയോട് അന്വേഷണം നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി റേഞ്ച് ഡിഐജി സംസ്ഥാന പോലീസ് മേധാവിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി.

കുടുംബ പ്രശ്നത്തില്‍ പരാതി നല്‍കാനെത്തിയ കള്ളിക്കാട് സ്വദേശിയായ സുദേവനോടാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. സുദേവനോട് അപമര്യാദയായി പെരുമാറുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്യലഹരിയിലാണെന്ന് പറഞ്ഞായിരുന്നു അധിക്ഷേപം. സംഭവം വിവാദമായതോടെ ഗോപകുമാറിനെ സ്ഥലം മാറ്റിയിരുന്നു.

പരാതി പറയാനെത്തിയ സുദേവന്‍ പ്രകോപനമുണ്ടാക്കിയെന്ന വാദം ന്യായീകരിക്കാനാകില്ല. സുദേവന്‍റെ പരാതിയിലെ അന്വേഷണം നടത്തിയിരുന്നത് മറ്റൊരു ഉദ്യോഗസ്ഥനാണ്. വിഷയത്തില്‍ ഗോപകുമാര്‍ ഇടപെടേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. ഡ്യൂട്ടിയിലാണെന്നിരിക്കെ ഗോപകുമാര്‍ സിവില്‍ ഡ്രസിലായിരുന്നതും ന്യായീകരിക്കാനാവില്ല.

ഗോപകുമാറിന്‍റെ പെരുമാറ്റം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല. അച്ചടക്കമുള്ള സേനയുടെ ഭാഗമാണെന്നിരിക്കെ ഇതിന് യോജിക്കാത്ത പ്രവര്‍ത്തിയാണ് ഗോപകുമാറില്‍ നിന്നുണ്ടായത്. ഗോപകുമാറിനെ നല്ലനടപ്പിനായി ബറ്റാലിയനിലേക്ക് മാറ്റിയതായും അച്ചടക്ക നടപടി തുടരുമെന്നും ഡി.ജി.പിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം ഗോപകുമാര്‍ പോലീസിന്റെ യശസിന് കളങ്കം വരുത്തിയെന്നും ഉദ്യോഗസ്ഥനെ നല്ലനടപ്പ് പരിശീലനത്തിന് അയക്കണമെന്നുമാണ് റേഞ്ച് ഡിഐജിയുടെ റിപ്പോര്‍ട്ടിലുള്ളത്. സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

 

 

shortlink

Post Your Comments


Back to top button