
ലണ്ടൻ: ഇന്ത്യക്കാരനായ സ്കൂൾ വിദ്യാർത്ഥിക്കെതിരെ വംശീയ ആക്രമണം ഉണ്ടായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഷ്റോപ്പ്ഷയറിലെ ടെൽഫോർഡിലുള്ള ചാൾട്ടൻ സ്കൂളിൽ നവംബർ 13നാണ് സംഭവം ഉണ്ടായിരിക്കുന്നത്. സിഖ് വംശജനായ വിദ്യാർത്ഥിയെ സമപ്രായക്കാരായ മറ്റ് വിദ്യാർത്ഥികൾ ക്രൂരമായി ആക്രമിക്കുകയുണ്ടായി. സിഖ് വംശജർ പാരമ്പരഗതമായി ധരിച്ചുവരുന്ന ദസ്താർ(തലയിൽകെട്ട്) വിദ്യാർത്ഥി ധരിച്ചിരുന്നു. ഇത് കണ്ടുകൊണ്ട് ഇവർ കുട്ടിയെ നോക്കി പരിഹസിച്ച് ചിരിക്കുകയും ശേഷം അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു ഉണ്ടായത്.
മർദ്ദിക്കുന്നതിനിടെ ഇവർ വിദ്യാർത്ഥിയുടെ തലയിൽകെട്ട് വലിച്ചഴിക്കുകയും ചെയ്യുകയുണ്ടായി. ഇതിന്റെ വീഡിയോ ദൃശ്യം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. നിലത്തുകിടക്കുന്ന കുട്ടിയുടെ തലയുടെ പിന്നിലായി വിദ്യാർത്ഥികളിൽ ഒരാൾ നിരവധി തവണ കൈകൊണ്ട് ഊക്കോടെ അടിക്കുന്നതും കാണാൻ കഴിയുന്നതാണ്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരായ വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിക്കുകയുണ്ടായി. സംഭവത്തിൽ തങ്ങൾ വേണ്ട നടപടികൾ കൈകൊണ്ടിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചാൾട്ടൻ സ്കൂൾ അധികൃതർ പറഞ്ഞു.
സിഖ് വിരുദ്ധ അതിക്രമങ്ങൾ കണ്ടുനിൽക്കാനാകില്ലെന്ന് ലേബർ പാർട്ടി എം.പി തൻമഞ്ജീത് സിംഗ് ദേസി പ്രതികരിച്ചു. നാഷണൽ സിഖ് പൊലീസ് അസോസിയേഷനും സംഭവത്തെ അപലപിച്ചിട്ടുണ്ട്. അതിക്രമം നേരിട്ട കുട്ടിയുടെ മാതാപിതാക്കളുടെ പ്രതികരണം ലഭിച്ചിട്ടില്ല.
Post Your Comments