ശ്രീനഗർ : ജമ്മു കശ്മീരിൽ ചരിത്രം തിരുത്തി മോദി സർക്കാർ. സംസ്ഥാനത്ത് ഡിഡിസി തെരഞ്ഞെടുപ്പിന് നാളെ തുടക്കം കുറിക്കും. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് തെരഞ്ഞൈടുപ്പ് നടക്കുന്നത്. 280 മണ്ഡലങ്ങളിലേക്ക് എട്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.
ഒന്നാംഘട്ടമായ നാളെ 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുക. രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് വോട്ടെടുപ്പ്. 7 ലക്ഷം ആളുകൾ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തും. കശ്മീർ താഴ്‌വരയിലെ 25 ഉം, ജമ്മുവിലെ 18 ഉം മണ്ഡലങ്ങളിലായി ആകെ 296 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും വോട്ടെടുപ്പ് നടക്കുക.
വോട്ടുചെയ്യാൻ എത്തുന്നവരും, പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കെ.കെ ശർമ്മ അറിയിച്ചു. കൊറോണ രോഗലക്ഷണങ്ങളുള്ള വോട്ടർമാർക്ക് ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ വോട്ട് ചെയ്യാം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഡിഡിസി തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Post Your Comments