ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജിഡിപിയില്‍ ഇടിവ് ഉണ്ടായിരിക്കുന്നു. ഇക്കാലയളവില്‍ ജിഡിപിയില്‍ 7.5 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക മാന്ദ്യ അവസ്ഥയിലേക്ക് നീങ്ങിയെന്ന് പറയാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
കൊറോണ വൈറസ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതമാണ് തുടര്‍ച്ചയായ ഇടിവിന് കാരണമായിരിക്കുന്നത്. 1996 മുതലാണ് ത്രൈമാസ കണക്കുകള്‍ പുറത്തുവിടാന്‍ ആരംഭിച്ചത്. നടപ്പുസാമ്പത്തിക വര്‍ഷം ജിഡിപിയില്‍ 8.7 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നത്. എന്നാൽ അതേസമയം ഉല്‍പാദനത്തിലും വൈദ്യുതി ഉല്‍പാദനത്തിലുമുള്ള തിരിച്ചുവരവും സ്ഥിരമായ കാര്‍ഷിക ഉല്‍പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്തുന്നു.
ആദ്യ പാദത്തില്‍ കണ്ട സങ്കോചത്തില്‍ നിന്ന് ഉല്‍പ്പാദന മേഖല പൂര്‍ണമായും കരകയറി. സെപ്റ്റംബര്‍ പാദത്തില്‍ 0.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ പാദത്തില്‍ ഉല്‍പ്പാദനത്തില്‍ മൊത്ത മൂല്യവര്‍ദ്ധനവ് 39.3 ശതമാനം കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.
Post Your Comments