പാരീസ് : രാജ്യത്ത് തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ റിപ്പബ്ലിക്കന്‍ ചാര്‍ട്ടര്‍ അംഗീകരിക്കാന്‍ മുസ്ലിം മത നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്ലാം മതമാണെന്നും, രാഷ്ട്രീയ പ്രസ്ഥാനമല്ലെന്നും വ്യക്തമാക്കുന്നതാണ് റിപ്പബ്ലിക്കന്‍ ചാര്‍ട്ടര്‍. കൂടാതെ മുസ്ലിം സംഘടനകളിലെ വിദേശ ഇടപെടലുകളും ചാര്‍ട്ടര്‍ പ്രകാരം നിരോധിച്ചിട്ടുണ്ട്.
ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് മുസ്ലിം ഫെയ്ത്തിന്റെ നേതാക്കളുമായി ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനിനൊപ്പം മാക്രോണ്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇമാമുകളുടെ ദേശീയ കൗണ്‍സിലിന് രൂപം നല്‍കിയിരുന്നു. ഇമാമുകളെ ഔദ്യോഗികമായി അംഗീകരിക്കുകയും പിന്‍വലിക്കുകയും ചെയ്യുന്നതിന് ഈ കൗണ്‍സിലിന് അംഗീകാരം നല്‍കിയിരുന്നു.
മതപരമായ കാര്യങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുവിദ്യാഭ്യാസം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സാധ്യമാകുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. നിര്‍ബന്ധിത വിദ്യാഭ്യാസനിയമം ലംഘിക്കുന്ന മാതാപിതാക്കള്‍ക്ക് ആറുമാസം വരെ തടവും വലിയ പിഴയും ലഭിക്കാം.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ വിവാദമായ കാരിക്കേച്ചറുകള്‍ വിദ്യാര്‍ത്ഥികളെ കാണിച്ചെന്ന പേരില്‍ 47 കാരനായ സാമുവല്‍ പാറ്റിയെന്ന അദ്ധ്യാപകനെ കഴിഞ്ഞ മാസം മതമൗലിക വാദികള്‍ തലയറുത്തുകൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മതമൗലിക വാദത്തെ ഇല്ലാതാക്കാനുള്ള നടപടികള്‍ ഇമ്മാനുവല്‍ മാക്രോണ്‍ ആരംഭിച്ചത്.സംഭവത്തിന് പിന്നാലെ നിരവധി പള്ളികളും മദ്രസകളും അടച്ച് പൂട്ടുകയും, ഹമാസ് അനുകൂല മുസ്ലിം സംഘടനടക്കം മതമൗലിക വാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments