
ഏറെ ഞെട്ടലോടെയാണ് കോൺഗ്രസ് പ്രവർത്തകർ പട്ടേലിന്റെ മരണ വാർത്ത അറിയുന്നത്. കോൺഗ്രസിന്റെ ട്രബിള്‍ ഷൂട്ടറും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസ് പാർട്ടി പരാജയങ്ങളില്‍ ഉലയുമ്പോഴും സംഘടനയുടെ സാമ്പത്തിക ഭദ്രത അഹമ്മദ് പട്ടേല്‍ ഉറപ്പ് വരുത്തിയിരുന്നു.
മൃദുഭാഷി, പക്ഷേ വാചാലന്‍. ഉറച്ച തീരുമാനവും തീരുമാനത്തിലുറച്ചു നില്ക്കുക എന്ന നിലപാടും. നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തന്‍. സോണിയ ഗാന്ധിക്ക് പിന്നിലെ ഉറച്ച സാന്നിധ്യം. രാത്രികാല ചര്‍ച്ചകളിലെ അനിവാര്യത. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്ന നേതാവ്. തലമുറകളെ ഒന്നിപ്പിക്കുന്ന കണ്ണി. പാര്‍ട്ടിയും വ്യാപാരികളും തമ്മിലുള്ള പാലം. ഇവയെല്ലാം ആയിരുന്നു കോണ്‍ഗ്രസിന് അഹമ്മദ് പട്ടേല്‍. മാധ്യമങ്ങളില്‍ നിന്ന് എപ്പോഴും അകന്നു നിന്നിരുന്നു.
പത്ത് ജന്‍പഥിലും അക്‍ബര്‍ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തും കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനഞ്ഞു. സോണിയാ ഗാന്ധി പ്രസിഡന്‍റായിരിക്കെ പാർട്ടിയിലെ രണ്ടാമന്‍. കോണ്‍ഗ്രസിലെ സ്വാധീനത്തിന് അനുസരിച്ച് അഹമ്മദ് പട്ടേലിനെ ബി.ജെ.പി വേട്ടയാടി. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പട്ടേലിന്‍റെ പേരില്‍ വര്‍ഗീയ കാര്‍ഡുകളിറങ്ങി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‍ലിം മുഖ്യമന്ത്രി എന്ന് പ്രചരിപ്പിച്ചു. ഐ.എസ് ബന്ധം ആരോപിച്ച് പ്രതികൂട്ടിലാക്കാന്‍ ശ്രമിച്ചു. അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകള്‍ തുടർന്നു. ഇതിനെയെല്ലാം അതീജീവിച്ചു അഹമ്മദ് പട്ടേല്‍.
Post Your Comments