ചെന്നൈ : വീടിനുള്ളിലെ ഉറുമ്പുകളുടെ കൂടിന് തീയിടാനുള്ള ശ്രമം 27 കാരിയായ സോഫ്റ്റ്‌വെയർ എൻജിനിയറുടെ ജീവനെടുത്തു.. ചെന്നൈയിലെ അമിൻജികരെയിൽ പെരുമാൾ കോവിൽസ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.90 ശതമാനം പൊള്ളലേറ്റ സംഗീത എന്ന യുവതി ഞായറാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
കോവിഡ് കാലത്ത് ഡ്രൈവർ ആയിരുന്ന സംഗീതയുടെ അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അമ്മയും അച്ഛനും വിദ്യാർത്ഥിയായ സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സംഗീത. ഷോളിംഗനല്ലൂരിലെ ഒരു ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയായ സംഗീത കോവിഡ് പശ്ചാത്തലത്തിൽ വർക്ക് അറ്റ് ഹോം ആയി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച തന്റെ മുറിയില്‍ ഉറുമ്പ് കൂട് കണ്ടതിനെ തുടര്‍ന്ന് അത് തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചു.
തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴഞ്ഞു. സംഗീതയുടെ കാലുകളിലേക്കും ഇവ ഇഴഞ്ഞു കയറി.ഉറുമ്പുകളെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ സംഗീതയുടെ കൈയ്യിലിരുന്ന കുപ്പിയിൽ നിന്നും മണ്ണെണ്ണ തീയിലേക്ക് വീണു. സംഗീതയുടെ പോളിസ്‌റ്റർ വസ്ത്രത്തിലേക്ക് തീ പടർന്ന് പിടിച്ചു. ഇതിനിടെ സംഗീതയുടെ കൈയ്യിൽ നിന്നും മണ്ണെണ്ണ കുപ്പി താഴേക്ക് പതിച്ചു. നിമിഷനേരം കൊണ്ട് സംഗീത പൂർണമായും തീയിൽ അകപ്പെടുകയായിരുന്നു.
സംഗീതയുടെ നിലവിളി കേട്ട് പുറത്തു നിന്നും ഓടിയെത്തിയ അച്ഛനും അയൽവാസികളും ചേർന്ന് ദീര്‍ഘനേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. തുടര്‍ന്ന് സംഗീതയെ കില്‍പ്പോക്ക് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ മരണം സംഭവിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ സംഗീതയുടെ അമ്മയ്ക്കും ചെറിയ തോതില്‍ പൊള്ളലേറ്റു.
Post Your Comments