Latest NewsKeralaNews

പിജെ ജോസഫ് ഇത്രയും നന്മ മനസ്സിൽ സൂക്ഷിച്ചിരുന്ന മനുഷ്യനോ, ഭിന്നശേഷികാരനായ മകന്റെ മരണം വിളിച്ചറിയിച്ച ചില കരളലിയിക്കുന്ന സത്യങ്ങൾ

ജോക്കുട്ടന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ് സുദീപ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്

കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എംഎൽഎയുടെ ഭിന്നശേഷികാരനായ ഇളയ മകന്‍ ജോ കഴിഞ്ഞ ദിവസം അന്തരിച്ചു. ജോ വീട്ടില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ തൊടുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരങ്ങൾ മറന്നു പലരും അദ്ദേഹത്തിന്റെ വിയോഗവേദനയിൽ പങ്കുചേർന്നു. ഇപ്പോഴിതാ ജോക്കുട്ടന്റെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച്‌ തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എസ് സുദീപ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു.

സ് സുദീപിന്റെ കുറിപ്പ് പൂർണ്ണ രൂപം

എല്ലാ അഹങ്കാരങ്ങളും അസ്തമിച്ചു പോകുന്ന ചില സമയങ്ങളുണ്ട്. അതിലൊന്ന് മരണമൊഴി രേഖപ്പെടുത്തലാണ്. ശരീരം മുഴുവന്‍ വെന്തു കരിഞ്ഞിട്ടുണ്ടാവും. അന്തരീക്ഷത്തില്‍ മനുഷ്യമാംസം വെന്ത ഗന്ധം നിറയും. ശരീരത്തില്‍ പേരിനൊരു പുതപ്പു മാത്രവും. അന്നേരവും ഓര്‍മ്മയ്ക്കും ബുദ്ധിക്കും യാതൊരു തകരാറും കാണില്ല. ഒരു ജീവിതം മുഴുവന്‍ അവര്‍ നിസംഗരായി നമുക്കു മുന്നില്‍ തുറന്നു വയ്ക്കും. സ്വര്‍ഗവാതില്‍പടിയില്‍ നില്‍ക്കുവോര്‍ കള്ളം പറയില്ലെന്നതാണു വിശ്വാസം. ഒടുക്കം ഒപ്പിടാന്‍ കഴിയാതെ, വിരലടയാളം പതിക്കാന്‍ വെന്തു കരിഞ്ഞ വിരലുകള്‍ക്കാവതില്ലാതെ… ഏതാനും ദിവസങ്ങള്‍ക്കകം അവര്‍ എന്നേയ്ക്കുമായി ഉറങ്ങും. നമുക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ചു യാത്രയാകുന്നവര്‍.

read also :  ഫലപ്രാപ്​തിയിൽ നൂറുശതമാനം ഉറപ്പുപറയാൻ കഴിയുന്നില്ല; കോവിഡ്​ വാക്​സിനെടുക്കാൻ ആരെയും നിർബന്ധിക്കില്ല

രണ്ടാമത്തേത് ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിറ്റാര്‍ഡേഷന്‍, മള്‍ട്ടിപ്ള്‍ ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള നാഷണല്‍ ട്രസ്റ്റ് ആക്റ്റിന്‍ കീഴിലെ ജില്ലാ തല സമിതിയുടെ യോഗമാണ്. അന്നത്തെ കോട്ടയം ജില്ലാ കളക്ടര്‍ തിരുമേനിസാര്‍ അദ്ധ്യക്ഷനായ സമിതിയില്‍, ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ പ്രതിനിധിയെന്ന നിലയില്‍ പങ്കെടുത്തിരുന്ന യോഗങ്ങള്‍. ഭിന്നശേഷിക്കാരായ മുതിര്‍ന്ന മക്കളെ ഉടുത്തൊരുക്കി, ജില്ലയുടെ ഉള്‍പ്രദേശത്തു നിന്നൊക്കെ ബസില്‍ കയറി വന്ന്, ആ മക്കളെ ചേര്‍ത്തു പിടിച്ച്‌, നമ്മുടെ മുന്നില്‍ വന്ന് നില്‍ക്കുന്ന ആ നില്പുണ്ടല്ലോ… അവരുടെയൊക്കെ കണ്ണുകളിലൊന്നില്‍ മക്കളോടുള്ള സ്നേഹം നിറഞ്ഞൊഴുകും. രണ്ടാമത്തെ കണ്ണില്‍ ഞങ്ങള്‍ക്കു ശേഷം ഞങ്ങളുടെ കുഞ്ഞിന് ആരെന്ന ആധി കവിഞ്ഞൊഴുകും. ആ മക്കള്‍ അച്ഛനമ്മമാരുടെ കൈയില്‍ മുറുകെപ്പിടിച്ചിട്ടുണ്ടാവും.

മരണത്തിനു പോലും വേര്‍പെടുത്താന്‍ കഴിയില്ലെന്നു തോന്നും വിധേന, ഇറുക്കിയങ്ങനെ… അവിടെയിരുന്ന്, സി രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകള്‍ എന്ന നോവലിലെ റിട്ടയേഡ് ജസ്റ്റിസ് ഭാസ്‌കരമേനോനെയും ഭിന്നശേഷിക്കാരനായ മകന്‍ സുകുവിനെയും ഓര്‍ത്തു പോകും. ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍, ആ വലിയ മകനെ കൊന്നിട്ട്, സ്വയം പ്രോസിക്യൂഷന്‍ ചാര്‍ജും ഡിഫന്‍സും വിധിയുമെഴുതുന്ന മേനോന്‍, തെളിവുകളുടെ അഭാവത്തില്‍ സ്വയം വെറുതെ വിട്ട ശേഷം, കുറ്റം സമ്മതിച്ച്‌ എഴുതി വയ്ക്കുന്ന ഒരു സങ്കട ഹരജി കൂടിയുണ്ട്.

സുകു വേദനകളൊന്നും അനുഭവിക്കുന്നുണ്ടായിരുന്നില്ല. മരിച്ചു കിട്ടിയാല്‍ മതിയെന്നൊരാശയം അവന്‍ പ്രകടിപ്പിച്ചില്ല. പ്രകടിപ്പിക്കാന്‍ അവനു കഴിയുമായിരുന്നില്ല. അവന്റെ മനസില്‍ അങ്ങനെയൊരാഗ്രഹം എപ്പോഴെങ്കിലുമുണ്ടായിരുന്നുവെന്നു വിശ്വസിക്കാന്‍ ന്യായമില്ല. ഞാന്‍ വിശ്വസിക്കുന്നുമില്ല. വേദനയുണ്ടായിരുന്നത് എന്റെ മനസില്‍ മാത്രമാണ്. അവനെ കാണുമ്ബോഴും അവന്റെ ഭാവി ആലോചിക്കുമ്ബോഴുമുള്ള വേദന. അതു തീര്‍ച്ചയായും ദു:സഹമായിരുന്നു. അതൊന്ന് അവസാനിച്ചു കിട്ടിയാല്‍ മതിയെന്നു ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അവസാനിക്കണമെങ്കില്‍ ഒന്നുകില്‍ അവന്റെ രോഗം മാറണമായിരുന്നു. അല്ലെങ്കില്‍ അവന്‍ മരിക്കണമായിരുന്നു. രോഗം മാറില്ലെന്നു തീര്‍ച്ചയായപ്പോഴാണു ഞാനവനെ കൊന്നത്. സംഗതി മനസിലായില്ലേ? എന്റെ വേദനയ്ക്കു പരിഹാരമുണ്ടാക്കാന്‍ ഞാനവനെ കൊന്നു!

മകന്റെ മരണത്തോടെ മനസിന്റെ സമനില തെറ്റുന്ന ജസ്റ്റിസ് മേനോനോടൊപ്പം, ആ മക്കള്‍ക്കായി സമനില തെറ്റാതെ ജീവിക്കുന്ന, യഥാര്‍ത്ഥ ജീവിതത്തിലെ ചില മുഖങ്ങള്‍ കൂടി മുന്നില്‍ തെളിയും. നാല്പതു കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകന്റെ താടി വടിച്ചു കൊടുക്കുന്ന അരുണ്‍ ഷൂരിയെന്ന അച്ഛന്റെ അരുമയാര്‍ന്ന ചിത്രം നിങ്ങളെ പിന്തുടരാത്ത നിമിഷങ്ങളുണ്ടോ! ആ മകനും അതുപോലത്തെ മക്കള്‍ക്കും അച്ഛനമ്മമാരുടെ കാലശേഷം തുണയാകാന്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച ഷൂരി.

അതുപോലെ വലിയൊരച്ഛന്‍ ഞങ്ങളുടെ തൊടുപുഴയിലുണ്ട്. ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്‍. ആ മകനായി മാറ്റിവച്ച സ്വത്തില്‍ നിന്ന് എണ്‍പത്തിനാലു ലക്ഷം രൂപ കനിവ് എന്ന ചാരിറ്റബിള്‍ ട്രസ്റ്റിനായി നീക്കിവച്ച അച്ഛന്‍. നിര്‍ദ്ധനരായ എഴുനൂറോളം കിടപ്പുരോഗികള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതം നല്‍കാനായി ആ വസ്തുവിലെ മരങ്ങള്‍ വെട്ടി വിറ്റ് ആദ്യം പണം കണ്ടെത്തിയ അച്ഛന്‍. ഇന്നലെ ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു. മകന്‍ മരിച്ചാല്‍ അച്ഛനോ, അച്ഛന്‍ മരിച്ചാല്‍ മകനോ കൂടുതല്‍ ദുഃഖം എന്ന ഈച്ചരവാര്യര്‍ തന്‍ ഉത്തരമില്ലാ ചോദ്യം മുഴങ്ങുന്നു.

ജോക്കുട്ടന്‍, ആ അച്ഛനിലൂടെ ഇനിയും ജീവിക്കുക തന്നെ ചെയ്യും. ട്രസ്റ്റിലൂടെ അനശ്വരനും… ജോസഫ് എന്ന അച്ഛാ, ജോക്കുട്ടന്റെ ദീപ്തമായ ഓര്‍മ്മകള്‍ അങ്ങയെ ഏറ്റവും മികച്ച മനുഷ്യനും ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനുമാക്കിത്തീര്‍ക്കയും ചെയ്യും എന്നു ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. ജോക്കുട്ടനു മരണമില്ല…

shortlink

Related Articles

Post Your Comments

Related Articles


Back to top button