തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരള പോലീസ് ആക്ട് ഭേദഗതിയ്‌ക്കെതിരെ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരള പോലീസ് ആക്ടിൽ 118 എ കൂട്ടിച്ചേർക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു. പോലീസിനെ ദുരുപയോഗം ചെയ്യാനാണ് പുതിയ പോലീസ് ആക്ട് വഴിയൊരുക്കുക. ഇതു അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണ്. തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണിതെന്നും സുരേന്ദ്രൻ ചുണ്ടി കാണിച്ചു.
എന്നാൽ അഭിപ്രായ സ്വാതന്ത്ര വിഷയത്തിൽ 2015-ൽ സുപ്രീംകോടതി ശക്തമായ നിലപട് എടുത്തപ്പോൾ അന്ന് അതു സ്വഗതം ചെയ്ത ആളാണ് പിണറായി വിജയൻ. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനുള്ള നീക്കമായി ഇതു മാറിയിരിക്കുന്നു. സർക്കാരിന് എതിരായ ആരോപണങ്ങളിൽ നിന്നും രക്ഷ നേടാനുള്ള നീക്കമാണിത്. ഇപ്പോൾ തന്നെ പോലീസിനെ സർക്കാർ വ്യാപകമായി ദുരുപയോഗം ചെയ്യുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമം തടയാൻ നിലവിൽ ഉള്ള സംവിധാനം ഉപയോഗിക്കാത്ത സർക്കാരാണിത്.
രാഷ്ട്രീയമായ എതിർപ്പിനെ പോലും തടസപ്പെടുത്താനുള്ള ഗൂഢ നീക്കമാണിത്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നു വരുന്ന ജനവികാരം തടയാനാണ് ശ്രമം. ഇപ്പോൾ തന്നെ പോലീസിനെ ദുരുപയോഗം ചെയ്യുന്ന സർക്കാർ പോലീസിനെ മർദ്ധനോപാധിയാക്കുകയാണ്. ഭരണത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നതാണ് 118 എ കൊണ്ടുവരാൻ പിണറായിയെ പ്രേരിപ്പിച്ചത്. സ്ത്രീകൾക്കെതിരായ അക്രമം തടയാനെന്ന വ്യാജേനയാണ് പുതിയ നിയമം. സ്ത്രീകൾക്കെതിരായ കടന്നാക്രമണം തടയാൻ നിലവിലുള്ള നിയമം പോലും ഉപയോഗിക്കാത്ത സർക്കാർ തിരഞ്ഞെടുപ്പ് കാലത്ത് എതിരാളികളെ കൈകാര്യം ചെയ്യാൻ ആസൂത്രിതമായ നയം സ്വീകരിക്കുകയാണ്.
അതേസമയം പോലീസ് ആക്ട് പരിഷ്കാരത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും രമേശും മുല്ലപ്പള്ളിയും ഇതിനെ ചോദ്യം ചെയ്യാത്തത് എന്തു കൊണ്ടാനിന്നും കെ സുരേന്ദ്രൻ ഉന്നയിച്ചു. കിഫ്ബിയിൽ ഐസക് വീണിടത്ത് കിടന്നു ഉരുളുകയാണ്. മസാല ബോണ്ടിൽ അന്വേഷണം വരും എന്ന ഭയത്താലാണ് ഐസക് സിഎജി റിപ്പോർട്ട് ചോർത്തിയത്. കിഫ്ബി അന്വേഷിക്കപ്പെടും എന്ന ഐസക് മുൻകൂട്ടി കണ്ടു. കിഫ്ബിയിൽ നടക്കുന്നത് അഴിമതിയാണ്. ഇതിൽ ധനകാര്യ മന്ത്രിക്ക് പങ്കുണ്ട്. വ്യക്തമായ ഗൂഢാലോചനയുണ്ട്.
Read Also: അബ്ദുള്ളക്കുട്ടി തരംഗമായി; ബിജെപിയ്ക്ക് 16 മുസ്ലിം വനിതാ സ്ഥാനാർത്ഥികൾ
കിഫ്ബിയിൽ തോമസ് ഐസക് അഴിമതിക്ക് കളമൊരുക്കുകയാണ് ചെയ്തത്. ടെൻഡർ മാനദണ്ഡങ്ങളൊന്നും സർക്കാർ പാലിക്കുന്നില്ല. ഐസക് നടത്തുന്നത് ഒന്നാന്തരം അഴിമതിയാണ്. കിഫ്ബിയിൽ എന്താണ് നടക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്. കേന്ദ്ര ഏജൻസികളെ ആരോപണം ഉന്നയിച്ച് തുരത്താം എന്നു കരുതേണ്ട. രണ്ട് മന്ത്രിമാർക്കെതിരെ ഭൂമി ഇടപാട് സംബന്ധിച്ച് ഉയർന്ന ആരോപണത്തിൽ എന്തു കൊണ്ട് മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.ലൈഫ് പദ്ധതിയെ ആരും തടസപ്പെടുത്തിയില്ല. കരാറുകാരൻ തന്നെ പദ്ധതി ഉപേക്ഷിച്ച് ഓടി പോയതാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് കരാർ കൊടുക്കുന്നത്. ചില കമ്പനികൾക്ക് എല്ലാ അവകാശങ്ങളും മന്ത്രി ചാർത്തി കൊടുക്കുകയാണ്.
ചാരിത്ര പ്രസംഗം അവസാനിപ്പിച്ച് അന്വേഷണം നേരിടാൻ ഐസക്ക് തയ്യാറാവണം. ധനകാര്യ സെക്രട്ടറിയാണ് റിപ്പോർട്ട് ചോർത്തിയതെന്ന് തോമസ് ഐസക്ക് തന്നെയാണ് പറഞ്ഞത്. കിഫ്ബിക്കെതിരല്ല നിയമലംഘനത്തിനെതിരാണ് ബി.ജെ.പിയുടെ പ്രതിഷേധം. നികുതി പണം ഉപയോഗിച്ചാണ് ഐസക്ക് അഭ്യാസപ്രകടനം നടത്തുന്നത്. മന്ത്രിക്ക് വിദേശ നിക്ഷേപം ഉണ്ടെന്നതിന് അദ്ദേഹം മറുപടി പറയാത്തതെന്താണ്? കേന്ദ്ര ഏജൻസികളെ ഓടിക്കാമെന്ന ഐസക്കിന്റെ പൂതി നടപ്പില്ല. ഏജൻസികൾ കേരളത്തിൽ വന്നിട്ടുണ്ടെങ്കിൽ അഴിമതിക്കാരെയെല്ലാം കണ്ടുപിടിക്കുക തന്നെ ചെയ്യും. അഴിമതി നടത്തിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. രണ്ട് സി.പി.എം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ ഭൂമിയുണ്ടെന്നാണ് പറയുന്നത്. എന്താണ് മുഖ്യമന്ത്രി ഇത് നിഷേധിക്കാത്തത്? എന്തിനാണ് ക്വോറന്റയിനിൽ ഇരിക്കുമ്പോൾ ചിലർ ലോക്കറിൽ നിന്ന് ആധാരം എടുത്ത് മുങ്ങിയതെന്ന് ഇപ്പോൾ ജനങ്ങൾക്ക് ബോധ്യമായി. നേതാക്കളുടെ പേരിൽ കേസ് വന്നതോടു കൂടി കോൺഗ്രസ് അഴിമതിക്കെതിരായ മുദ്രാവാക്യം മുക്കി. കോൺഗ്രസ് അഴിമതിക്കെതിരാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അഴിമതിക്കെതിരെ പോരാടുന്ന ഒരേ ഒരു മുന്നണി എൻ.ഡി.എയാണ്. അഴിമതി മുന്നണികൾക്കെതിരെയുള്ള ശക്തമായ ജനവിധിയാവും തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിലിൽ പോയാലും താൻ അഴിമതിക്കെതിരെ ശബ്ദം ഉന്നയിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ്കുമാർ, തൃശ്ശൂർ മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ എന്നിവർ പങ്കെടുത്തു.
Post Your Comments