ചെന്നൈ; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയില്‍ എത്തി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിര്‍ണായക രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ അമിത് ഷാ നടത്തിയേക്കും. ഉച്ചയ്ക്ക് 1.40 ഓടെ ചെന്നൈയിലെത്തിയ അമിത് ഷായെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ബിജെപി നേതാക്കള്‍ എന്നിവര്‍ സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ അമിത് ഷാ വാഹനത്തില്‍ നിന്ന് നിന്നിറങ്ങി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.
സംസ്ഥാനത്തെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നിര്‍ണായക രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കും. അതെ സമയം ഡിഎംകെ നേതാവും മുന്‍ എംപിയുമായ കെ.പി. രാമലിംഗം ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ചയാണ് ചെന്നൈയില്‍വച്ച് ബിജെപിയില്‍ ചേര്‍ന്നത്.’ഞാന്‍ ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയുടെ വികസനത്തിനായി ഞാന്‍ എന്റെ ജീവിതം സമര്‍പ്പിക്കുന്നു..’ ബിജെപിയില്‍ ചേര്‍ന്ന ശേഷം കെ.പി. രാമലിംഗ പ്രതികരിച്ചു.
ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ സഹോദരന്‍ എംകെ അളഗിരിയോടും തന്റെ പാത പിന്തുടരാന്‍ അദേഹം ആവശ്യമുയര്‍ത്തി. അളഗിരിയുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നും, അതിനാല്‍ ബിജെപിയിലേയ്ക്ക് അദേഹത്തെ എത്തിക്കാന്‍ താന്‍ ശ്രമിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 30 വര്‍ഷം താന്‍ ഡിഎംകെയില്‍ ആയിരുന്നു, ഏഴ് തിരഞ്ഞെടുപ്പുകളാണ് നേരിട്ടത്. കോവിഡ് 19 പ്രതിസന്ധിക്കിടെ ഡിഎംകെ ഒരു സര്‍വകക്ഷിയോഗം വിളിച്ചു.എന്നാല്‍ ആ യോഗത്തിനെതിരായി താന്‍ പ്രസ്താവന ഇറക്കി.
അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എട്ടു മാസം സമയമെടുത്തു, ഒരു സമ്മര്‍ദ്ദവുമില്ലാതെ താന്‍ ബിജെപിയില്‍ ചേര്‍ന്നു.., അദേഹം പറഞ്ഞു. രജനികാന്ത്‌അമിത് ഷാ കൂടിക്കാഴ്ച നീണ്ട് പോയേക്കും. ഇരുവരുടെയും ഓഫീസ് കൂടിക്കാഴ്ചയുടെ സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല. ഇതിനിടെ സംസ്ഥാനത്ത് ചുവടുറപ്പിക്കാനുള്ള ബിജെപിയുടെ വെട്രിവേല്‍ യാത്ര പുരോഗമിക്കുകയാണ്.
വേല്‍യാത്ര അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തടഞ്ഞത് ബിജെപിയുമായുള്ള സഖ്യത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഇടയാക്കിയിരുന്നു. ബിജെപി യോഗത്തിന് ശേഷം അമിത് ഷാ പങ്കെടുക്കുന്ന എന്‍ഡിഎ യോഗത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments