ലക്‌നൗ: ഉത്തർപ്രദേശിൽ പോലീസുകാരനെയും കുടുംബത്തെയും ബന്ധുക്കൾ കൊലപ്പെടുത്തി. മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി ബന്ധുക്കൾ തമ്മിലുണ്ടായ തർക്കം കൂട്ടക്കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിലെ ഗായത്രി നഗറില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഞെട്ടിക്കുന്ന സംഭവം. പോലീസ് കോൺസ്റ്റബിൾ ആയ അഭിജിത് വര്‍മ്മ (27), സഹോദരി നിഷ വര്‍മ്മ (29), അമ്മ രാമവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
എന്നാൽ സംഘമായെത്തിയ ബന്ധുക്കൾ ഇവരെ വീടിന് പുറത്തേക്ക് വലിച്ചിറക്കി കൂർത്ത ആയുധങ്ങളും ലാത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് സർക്കിൾ ഓഫീസർ അലോക് കുമാർ അറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇവരെ ഉപദ്രവിക്കുന്നത് കണ്ട് സഹായിക്കാനെത്തിയ ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവരുടെ ബന്ധുക്കളായ ശിവ് പൂജൻ, ദേവ് രാജ്,ബബ്ലു എന്നിവരെ കഴിഞ്ഞ ദിവസം അർദ്ധ രാത്രിയോടെ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനുപയോഗിച്ച ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബന്ധുവായ ഒരു സ്ത്രീയെയും അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read Also: ഞങ്ങള്‍ അഖണ്ഡ ഭാരതത്തില്‍ വിശ്വസിക്കുന്നവർ; കറാച്ചിയും ഇന്ത്യയുടെ ഭാഗമാകുമെന്ന് ഫഡ്നാവിസ്
സമീപത്തെ അഴുക്കു ചാലിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിജിതും ബന്ധുക്കളും തമ്മില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് അവർ തന്നെ ഒത്തു തീർപ്പാക്കുകയും ചെയ്തിരുന്നു. പക്ഷെ രാത്രി പതിനൊന്നരയോടെ ആറംഗ സംഘം യുവാവിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അക്രമത്തിനു ശേഷം പ്രതികൾ ദേശനിർമ്മിത തോക്കുപയോഗിച്ച് വെടിയുതിർത്തത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പോലീസ് പറയുന്നുണ്ട്. സംഭവ സ്ഥലത്ത് ക്രമസമാധന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നിലവിൽ കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അലഹബാദ് ജില്ലയിലെ നൈനി സ്റ്റേഷൻ ഉദ്യോഗസ്ഥനായ അഭിജിത്ത് ദീപാവലി പ്രമാണിച്ചാണ് സ്വന്തം വീട്ടിലെത്തിയത്. ഇയാളുടെ ഇളയ സഹോദരന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments