ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ബംഗ്ളാവുകളില്‍ താമസിക്കുന്ന 20 പ്രശസ്ത കലാകാരന്മാരോട് ഡിസംബര്‍ 31ന് ഒഴിയാന്‍ ആവശ്യപ്പെട്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നോട്ടീസ് അയച്ചു. കഥക് കലാകാരന് പണ്ഡിറ്റ് ബിര്‍ജു മഹാരാജ്, ദ്രുപത് ഗായകന് ഉസ്താദ് വസിഫുദ്ദീന്‍ ഡാഗര്‍, മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവാജി, കഥക് ഗുരു ഗീതാഞ്ജലി ലാല്‍, കുച്ചിപ്പുടി നര്ത്തകന് ഗുരു ജയരാമ റാവു, ചിത്രകാരന് ജിതിന് ദാസ് തുടങ്ങിയവര്‍ക്കാണ് ബംഗ്ളാവ് ഒഴിയാന്‍ നോട്ടീസ് ലഭിച്ചത്.
ഡിസംബര്‍ 31ന് ശേഷം താമസം തുടര്‍ന്നാല്‍ കുടിശിക അടക്കം വന്‍ തുക ഈടാക്കുമെന്നും കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തേക്കാണ് ബംഗ്ളാവുകള്‍ അനുവദിച്ചതെങ്കിലും പദ്മ പുരസ്കാരങ്ങളും സംഗീത നാടക അക്കാഡമി അവാര്‍ഡുകളും ലഭിച്ച കലാകാരന്മാര് വര്‍ഷങ്ങളായി അനുമതി പത്രം പുതുക്കി താമസം തുടരുകയായിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതകള്‍ അനുഭവിക്കുന്ന തങ്ങളോട് കരുണ കാട്ടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടക്കം നിവേദനമയച്ചിരിക്കുകയാണ് കലാകാരന്മാര്.
2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ വന്ന ശേഷം സര്‍ക്കാര്‍ ബംഗ്ളാവുകള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം നല്‍കുക എന്ന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി അനുമതി പത്രം പുതുക്കി നല്‍കുന്നില്ല. മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും കായികതാരങ്ങള്‍ക്കും സര്‍ക്കാര്‍ ബംഗ്ളാവുകള്‍ അനുവദിക്കുന്നതും നിറുത്തലാക്കിയിട്ടുണ്ട്.
Post Your Comments