കോട്ടക്കൽ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങിയിരിക്കുന്നു. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീനാണ് (32) കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒക്ടോബർ 15ന് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയാണ് ഉണ്ടായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇതിനിടെ ശ്രീകൃഷ്ണപ്പരുന്തിനെ കൈവശംെവച്ചതിന് വനംവകുപ്പും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ പ്രതിയെ ഒരുദിവസം മാത്രമാണ് കസ്റ്റഡിയിൽ കിട്ടിയത്.
ഇൻസ്പെക്ടർ പ്രദീപ് കുമാർ, സി.പി.ഒമാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തലടക്കം വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post Your Comments