കറാച്ചി: 1,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ചതെന്ന് കരുതുന്ന ഹിന്ദു ക്ഷേത്രം വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ സ്വാത് ജില്ലയിലെ ഒരു പര്‍വത മേഖലയില്‍ കണ്ടെത്തി. പാകിസ്ഥാനി, ഇറ്റാലിയന്‍ ആര്‍ക്കിയോളജിസ്റ്റുകള്‍ ബാരികോട്ട് ഘുണ്ടായിയില്‍ നടത്തിയ ഖനനത്തിലൂടെയാണ് ക്ഷേത്രം കണ്ടെത്തിയത്.
തങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് ഒരു വിഷ്ണു ക്ഷേത്രമാണെന്ന് ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയിലെ പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. ഹിന്ദു ശാഹി കാലഘട്ടത്തിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. സി.ഇ 850 – സി.ഇ 1026 കാലഘട്ടത്തില്‍ കാബൂള്‍ താഴ്‌വര ( കിഴക്കന്‍ അഫ്ഗാനിസ്ഥാന്‍ ), ഗാന്ധാരം ( ഇന്നത്തെ പാകിസ്ഥാന്‍ ), ഇന്നത്തെ വടക്ക് പടിഞ്ഞാറന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ എന്നിവ ഭരിച്ചിരുന്ന ഹിന്ദു രാജവംശമായിരുന്നു കാബൂള്‍ ശാഹി അഥവാ ഹിന്ദു ശാഹി.
ഖനനത്തിനിടെ, ക്ഷേത്രം കണ്ടെത്തിയ ഭാഗത്തിനടുത്ത് തന്നെ സൈനികത്താവളം, കാവല്‍ ഗോപുരങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് ശുദ്ധിയാകാന്‍ ഉപയോഗിച്ചിരുന്നത് എന്ന് കരുതുന്ന ഒരു ജല സംഭരണിയും ഗവേഷകര്‍ കണ്ടെത്തി.
Post Your Comments