ന്യൂഡൽഹി : എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിൽ കോവിഡ് പോരാളികളുടെ കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്ക് കേന്ദ്ര ക്വാട്ടയിൽ അഞ്ച് സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്. ‘കോവിഡ് പോരാളികളുടെ കുട്ടികൾ’ എന്ന പുതിയ കാറ്റഗറിയിലാണ് 2021-22 അധ്യായന വർഷത്തേക്ക് സീറ്റ് സംവരണം ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹർഷ്വർധൻ പറഞ്ഞു.
കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തവർ, രോഗികളെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്തവർ തുടങ്ങി എല്ലാവരുടെയും സംഭാവനകളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഈ നീക്കം അംഗീകരിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രി ജീവനക്കാർ, വിരമിച്ചവർ, സന്നദ്ധപ്രവർത്തകർ, തദ്ദേശ സ്ഥാപനങ്ങളിലുള്ളവർ, കരാർ ജീവനക്കാർ, ദിവസവേതനക്കാർ, താൽക്കാലിക ജീവനക്കാർ, സംസ്ഥാനങ്ങൾ പുറംകരാർ ജോലിക്കെടുത്തവർ, സംസ്ഥാന-കേന്ദ്ര ആശുപത്രികൾ, കേന്ദ്ര-സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സ്വയംഭരണ ആശുപത്രികൾ, അഖിലേന്ത്യാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (എയിംസ്), ദേശീയ പ്രാധാന്യമുള്ള മറ്റു സ്ഥാപനങ്ങൾ (ഐ.എൻ.ഐ), കേന്ദ്ര മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലെ ജീവനക്കാർ എന്നിവരും സംവരണ ക്വാട്ടയ്ക്ക് കീഴിൽ വരും. ഈ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ യോഗ്യത അതത് സംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ പരിശോധിച്ച് ഉറപ്പാക്കും. നീറ്റ് -2020 ൽ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷയിലൂടെ മെഡിക്കൽ കൗൺസിൽ കമ്മിറ്റി (എംസിസി) യോഗ്യരായവരെ തിരഞ്ഞെടുക്കും.
Post Your Comments