
തൃശൂർ: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി സേവാഭാരതി ചെറുതുരുത്തി ദേശമംഗലം കൊറ്റമ്പത്തൂരിൽ നിർമ്മിച്ച് നൽകിയ പതിനേഴ് വീടുകൾ ഡിവൈഎഫ്ഐ നിർമ്മിച്ച് നല്കിയതാണെന്ന തരത്തിൽ സിപിഎം സൈബർ ഗ്രൂപ്പുകളിൽ പ്രചാരണം.
2018 ആഗസ്ത് 18നുണ്ടായ ഉരുൾപൊട്ടലിലാണ് കൊറ്റമ്പത്തൂരിലെ 37 വീടുകൾ തകർന്നത്. നാലു പേർ മരിക്കുകയും ചെയ്തു. പുനരധിവാസത്തിന്റെ ഭാഗമായി എഴുപത്തെട്ട് സെന്റ് സ്ഥലം സ്വന്തമായി വാങ്ങിയാണ് വീടുകൾ പണിത് നൽകുന്നത്.
പതിനേഴ് കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതം നൽകി. മറ്റ് വീട്ടുകാർക്ക് സർക്കാർ വീട് പണിത് നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല. സേവാഭാരതി 37 കുടുംബങ്ങൾക്കും വീട് നിർമ്മിക്കാൻ തയാറായിരുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് ചിലർ മറ്റ് കുടുംബങ്ങളെ പിന്തിരിപ്പിക്കുകയായിരുന്നു. 750 ചതുരശ്രയടി വിസ്തീർണത്തിലാണ് പതിനേഴ് വീടുകളും പൂർത്തിയാക്കിയിട്ടുള്ളത്.
വീടുകളുടെ നിർമ്മാണത്തിന് മാത്രം ഒന്നരക്കോടി രൂപയോളം ചെലവായി.രണ്ടാം ഘട്ടമെന്ന നിലയ്ക്ക് കൊറ്റമ്പത്തൂർ ഗ്രാമത്തെയാകെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഗ്രാമവികാസ പദ്ധതികളാണ് സേവാഭാരതി ആവിഷ്‌കരിക്കുന്നത്. സ്ത്രീകളുടെ കൂട്ടായ്മകൾ, യുവാക്കൾക്കായി തൊഴിൽ സംരംഭങ്ങൾ , വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവയും തുടർപദ്ധതിയുടെ ഭാഗമാണ്.
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കിയ പുനർജനി പദ്ധതി വഴി സേവാഭാരതി ആയിരത്തോളം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ്. കൊറ്റമ്പത്തൂരിലെ പതിനേഴ് വീടുകൾ ഉൾപ്പെടെ 64 വീടുകളാണ് ഇനി കൈമാറാൻ അവശേഷിക്കുന്നത്. ഡിസംബറിന് മുൻപായി ഈ വീടുകളും കൈമാറുമെന്നും സേവാഭാരതി വ്യക്തമാക്കി.
850 വീടുകൾ നിർമിച്ചു കഴിഞ്ഞു. 125 എണ്ണം പണി നടക്കുന്നു. ഇതിനിടെയാണ് വ്യാജ പ്രചാരണവുമായി സിപിഎം സൈബർ ഗ്രൂപ്പുകൾ രംഗത്തെത്തിയത്. വിവിധ ഗ്രൂപ്പുകളിൽ ഇവ ഡിവൈഎഫ്ഐ നിർമ്മിച്ച് നല്കിയതാണെന്ന തരത്തിലാണ് പ്രചാരണം.
Post Your Comments