ന്യൂഡല്‍ഹി : തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയില്‍ പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ച കപില്‍ സിബലിനെതിരെ അധീര്‍ രഞ്ജന്‍ ചൗധരി. ഇപ്പോള്‍ കുറ്റപ്പെടുത്തുന്ന കപില്‍ സിബലിനെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബിഹാറിലോ ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മറ്റു സംസ്ഥാനങ്ങളിലോ പ്രചാരണ സമയത്ത് കണ്ടിരുന്നില്ലെന്നും ഒന്നും ചെയ്യാതെ സംസാരിക്കുക മാത്രം ചെയ്യുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് പാര്‍ട്ടിയില്‍ ഒരു പരിശോധനയും നടക്കുന്നില്ലെന്നും പരാജയങ്ങളെക്കുറിച്ച് ഒരു വാക്കുപോലും പറയാന്‍ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും കപില്‍ സിബല്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ കപില്‍ സിബല്‍ ഇക്കാര്യങ്ങള്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനെക്കുറിച്ച്് അദ്ദേഹത്തിന് വലിയ ആശങ്കയാണുള്ളത്. എന്നാല്‍ ബിഹാര്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ നമ്മളാരും കണ്ടില്ല, അധീര്‍ രഞ്ജന്‍ ചൗധരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബിഹാറിലും മധ്യപ്രദേശിലും പോകാന്‍ അദ്ദേഹം തയ്യാറായിരുന്നെങ്കില്‍ അദ്ദേഹം പറയുന്നതില്‍ കാര്യമുണ്ടെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും കരുതാമായിരുന്നു. വെറുതെ സംസാരിച്ചതുകൊണ്ട് ഒരു നേട്ടവുമില്ല. ഒന്നും ചെയ്യാതെ സംസാരിച്ചതുകൊണ്ട് അത് ആത്മപരിശോധനയാകുന്നില്ല, അദ്ദേഹം വ്യക്തമാക്കി.
Post Your Comments